പൊതുസ്ഥലത്ത് നമസ്കരിച്ചു; ഹരിദ്വാറിൽ എട്ടുപേർ അറസ്റ്റിൽ

single-img
23 July 2022

ഹരിദ്വാറിൽ പൊതുസ്ഥലത്ത് നമസ്‌കരിച്ചതിന് എട്ട് വഴിയോരക്കച്ചവടക്കാരെ യു പി പൊലീസ് അറസ്റ്റ് ചെയ്തു. റാണിപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ശിവാലിക് നഗറിലെ ചന്തയിൽ നമസ്‌കരിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ 8 പേരും മാർക്കറ്റിലെ പച്ചക്കറി വിൽപ്പനക്കാരാണ്.

ഇവർ പൊതുസ്ഥലത്ത് നമസ്‌കരിക്കുന്നുവെന്ന് കാണിച്ച് ചിലർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് അറസ്റ്റ്. സമാധാനം തകർത്തതിന് ക്രിമിനൽ നടപടിച്ചട്ടത്തിലെ 151-ാം വകുപ്പ് പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തു. മുൻകരുതൽ നടപടിയുടെ ഭാ​ഗമായാണ് അറസ്റ്റെന്നും സാമുദായികമായി പ്രശ്നബാധിത പ്രദേശത്ത് സംഘർഷമില്ലെന്ന് ഉറപ്പാക്കാൻ ആഗ്രഹിക്കുന്നുവെന്നും പൊലീസ് വ്യക്തമാക്കി. ഇവരെ ഉടൻ തന്നെ വിട്ടയച്ചു എന്നും പോലീസ് പറഞ്ഞു.

ഹരിദ്വാറിൽ കൻവാർ യാത്ര ഉടൻ ഉണ്ടാകും. ഇവിടെ അനിഷ്ട സംഭവങ്ങളുണ്ടാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് സാദർ ഏരിയ ഡെപ്യൂട്ടി എസ്പി നിഹാരിക സെംവാൾ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, മുസ്‌ലീങ്ങളെ നമസ്‌കരിക്കുന്നതിന്റെ പേരിൽ അറസ്റ്റ് ചെയ്യുന്നത് അന്യായമാണെന്ന് അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി മംഗലൗർ മണ്ഡലം ഭാരവാഹി ഖാസി മുഹമ്മദ് നിസാമുദ്ദീൻ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഹരിദ്വാറിൽ ബിജെപിക്ക് ഭൂരിപക്ഷം സീറ്റുകളും നഷ്ടമായിരുന്നു. അതുകൊണ്ടാണ് ശ്രദ്ധ തിരിക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.