24 ദിവസമായിട്ടും ഒരിഞ്ചു പോലും മുന്നോട്ടുപോകാൻ കഴിഞ്ഞില്ല; എകെജി സെന്റര്‍ ബോംബേറ് കേസ് അവസാനിക്കുന്നു?

single-img
23 July 2022

സി പി എമ്മിന്റെ കേരളത്തിലെ ആസ്ഥാനമായ എ കെ ജി സെന്ററിന് നേരെ ബോംബെറിഞ്ഞിട്ടു 24 ദിവസം ആയിട്ടും ഇത് വരെ പ്രതികളെ കുറിച്ച് ഒരു തുമ്പു പോലും കേരളാ പൊലീസിന് ലഭിച്ചില്ല. ഇതോടെ ഏറെ കോളിളക്കമുണ്ടാക്കിയ എ.കെ.ജി സെന്റര്‍ ആക്രമണക്കേസില്‍ അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങുകയാണ് പോലീസ്.

കേസിന്റെ തുടക്കത്തിൽ സി.സി.ടി.വി ദൃശ്യങ്ങളും പ്രതിസഞ്ചരിച്ച വാഹനവും കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണം. എന്നാൽ ഇതില്‍ കാര്യമായ ഒരു നേട്ടവുമുണ്ടായില്ല. പിന്നീട് സി.സി.ടി.വി ദൃശ്യം കൂടുതല്‍ വ്യക്തമാകാനായി ആദ്യം സി-ഡാക്കിലും അതിനു ശേഷം ഫോറന്‍സിക്ക് ലാബിലും ഒടുവില്‍ അനൗദ്യോഗികമായി ഡല്‍ഹിവരേയും പോലീസ് പോയെങ്കിലും ഫലമുണ്ടായില്ല.

അതിനു ശേഷം പ്രതി സഞ്ചരിച്ച വാഹനം കേന്ദ്രീകരിച്ചും പരിശോധന നടന്നു. ഡിയോ സ്‌കൂട്ടറിലാണ് പടക്കമെറിഞ്ഞയാള്‍ എ.കെ.ജി സെന്ററിന് സമീപത്തെത്തിയതെന്നായിരുന്നു പോലീസിന് ലഭിച്ച വിവരം. വാഹനവും ഉടമയെയും തിരിച്ചറിയാൻ മോട്ടോർ വാഹന വകുപ്പിന്‍റെയും തലസ്ഥാനത്തെ സ്കൂട്ടർ ഡീലർമാരുടെയും സഹായവും പോലീസ് തേടി. വാഹനം പരിശോധിച്ചപ്പോള്‍ ഡിയോയുട സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ വണ്ടിയാണെന്നും അതിന്റെ ഹെഡ്‌ലൈറ്റ് രൂപമാറ്റം വരുത്തിയതാണെന്നും വാഹന വിദഗ്ധരില്‍ നിന്ന് വിവരം ലഭിച്ചു. നൂറുകണക്കിന് വാഹനങ്ങളുടെ വിവരം പരിശോധിച്ചെങ്കിലും ആ വഴിക്കുള്ള അന്വേഷണവും മുട്ടി.

അക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് കരുതുന്ന ചിലരെ ചോദ്യം ചോദ്യം ചെയ്തു എങ്കിലും ആ വഴിക്കും കാര്യമായ ഒരു വിവരവും ലഭിച്ചില്ല. പിന്നീട് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടവർ മുതൽ ലൈക്കും കമെന്റും ചെയ്തവരെ വരെ നിരീക്ഷിച്ചു. എന്നിട്ടും ഒരു ഫലവും ഉണ്ടായില്ല.

അവസാനം പടക്ക കടകൾ കേന്ദ്രീകൾ അന്വേഷണം നടത്തിയെങ്കിലും ഫലം നിരാശ തന്നെ ആയിരുന്നു. ഇതോടെയാണ് ഇനി പരിശോധിക്കാന്‍ തെളിവുകളൊന്നും ബാക്കിയില്ലെന്ന നിലപാടിലേക്ക് പോലീസ് എത്തിയത്.