റനിൽ വിക്രമസിംഗെ അധികാരമേറ്റതിനു പിന്നാലെ പ്രതിഷേധക്കാർക്കെതിരെ സൈനിക നടപടി തുടങ്ങി

single-img
22 July 2022

റനിൽ വിക്രമസിംഗെ അധികാരമേറ്റതിനു പിന്നാലെ പ്രതിഷേധക്കാർക്കെതിരെ സൈനിക നടപടി തുടങ്ങിയാതായി അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. നിരവധി പേരെ അറസ്റ്റ് ചെയ്തതായി ആണ് റിപ്പോർട്ട്. വെള്ളിയാഴ്ച ഉച്ചക്ക് ശേഷം പ്രതിഷേധക്കാർ സെക്രട്ടറിയേറ്റിൽ നിന്നും ഒഴിയുമെന്ന് അറിയിച്ചിരുന്നു. എന്നാൽ, ഇതുമുഖവിലക്കെടുക്കാതെ സൈന്യം പ്രതിഷേധക്കാരെ അടിച്ചമർത്തുകയും അവരുടെ ടെന്റുകൾ നശിപ്പിക്കുകയുമായിരുന്നു.

ഇന്ന് പുലർച്ചെയോടെയായിരുന്നു സൈനിക നടപടി ആരംഭിച്ചത്. സൈന്യത്തിന്റെ നീക്കത്തിനെതിരെ പ്രതിഷേധിച്ച പ്രക്ഷോഭകർക്ക് നേരെ ലാത്തിചാർജുണ്ടായി. അമ്പതോളം പേർക്ക് ലാത്തിച്ചാർജിൽ പരിക്കേറ്റു. സൈനിക നടപടിക്കെതിരെ പ്രതിഷേധിച്ച ഒമ്പത് പേരെ അറസ്റ്റ് ചെയ്തു.

നേരത്തെ പുതിയ പ്രസിഡന്റിനെ അംഗീകരിക്കില്ല എന്ന് ഒരു വിഭാഗം പ്രക്ഷോഭകർ അറിയിച്ചിരുന്നു. റനില്‍ രാജപക്സെ കുടുംബത്തിന്റെ നോമിനിയാണന്നാണു ഇവർ ആരോപിക്കുന്നത്. ജനകീയ പ്രക്ഷോഭകര്‍ പ്രസിഡന്റിന്റെ കൊട്ടാരം കയ്യേറിയ ദിവസം പ്രധാനമന്ത്രിയായിരുന്ന റനിലിന്റെ സ്വകാര്യ വീട് അഗ്നിക്കിരയാക്കിയിരുന്നു.

എന്നാൽ രാജപക്സെ കുടുംബത്തിൽ നിന്ന് അകന്നുനിൽക്കാൻ റനിൽ ബോധപൂർവം ശ്രമിക്കുന്നുണ്ട്. ‘രാജപക്സെ കുടുംബത്തിന്റെ സുഹൃത്തല്ല, ജനങ്ങളുടെ സുഹൃത്താണ് ഞാൻ’ എന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുമായി മികച്ച ബന്ധം കാത്തുസൂക്ഷിക്കുന്ന നേതാവാണ് മുൻപ് 6 തവണ പ്രധാനമന്ത്രി ആയിട്ടുള്ള റനിൽ വിക്രമസിംഗെ.