സംസ്ഥാനത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

single-img
22 July 2022

വയനാട്ടിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. മാനന്തവാടിയിലെ ഒരു ഫാമിലെ പന്നികൾ കൂട്ടത്തോടെ ചത്തതോടെ ഭോപ്പാലിലേക്ക് സാമ്പിൾ അയക്കുകയായിരുന്നു. ഇതിന്റെ റിസൾട്ട് പോസിറ്റിവ് ആയതോടെയാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിതീകരിച്ചത്.

രോഗം സ്ഥിരീകരിച്ച ഫാമിലെ മുഴുവൻ പന്നികളെ കൊന്നൊടുക്കാനാണ് നലിവലെ തീരുമാനം. ആഫ്രിക്കൻ പന്നിപ്പനിക്കു ഫലപ്രദമായ ചികിൽസയോ വാക്സീനോ നിലവിലില്ല. മനുഷ്യരിലേക്ക് പകരുന്ന വൈറസല്ല ഇതെന്നും എന്നാൽ ജാഗ്രത വേണമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

ചെള്ളുകൾ വഴിയാണ് പന്നികൾക്ക് രോഗം ഉണ്ടാകുന്നത്. വൈറസ് രോഗമായതിനാൽ ജില്ലയിലെ എല്ലാ പന്നി ഫാമുകളിലും നിരീക്ഷണം കർശനമാക്കും. പന്നി ഫാമുകൾ അണുവിമുക്തമാക്കാനും നിർദേശം നൽകി. പുറത്ത് നിന്നുള്ളവരെ ഫാമുകളിലേക്ക് പ്രവേശിപ്പിക്കില്ല.

രോഗം സ്ഥിരീകരിച്ചതോടെ ചെക്ക് പോസ്റ്റിൽ പരിശോധനയും കർശന നിയന്ത്രണവും ഏർപ്പെടുത്തി. അന്യ സംസ്ഥാനങ്ങളിൽ നിന്നും പന്നികളെയോ പന്നിയിറച്ചിയോ കൊണ്ടുവരാൻ അനുവദിക്കില്ല. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പന്നി പനി സ്ഥിരീകരിച്ചതോടെ കേന്ദ്രം കേരളത്തിലും ജാഗ്രത നിർദ്ദേശം നൽകിയിരുന്നു.

വയനാട്ടിൽ രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കേരളത്തിലെ മുഴുവൻ പന്നി ഫാമുകൾക്കും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. പന്നികൾ ചത്താലോ രോഗം ഉണ്ടായാലോ ഉടൻ സർക്കാരിനെ അറിയിക്കണമെന്നാണ് നിർദേശം