സ്വപ്നയുടെ മൊഴി സുപ്രീം കോടതിയിലേക്ക്; ലക്‌ഷ്യം പിണറായി വിജയൻ

single-img
21 July 2022

സ്വർണ്ണക്കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരായ സ്വപ്ന സുരേഷിന്‍റെ രഹസ്യമൊഴി ഇ ഡി സുപ്രീം കോടതിയിൽ സമർപ്പിക്കും. സ്വർണക്കടത്ത് കേസ് ബംഗളൂരു പ്രത്യേക കോടതിയിലേക്കു മാറ്റണമെന്നാവശ്യപ്പെട്ട് ഇഡി കൊച്ചി മേഖല അസിസ്റ്റന്‍റ് ഡയറക്ടർ സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിനു തുടർച്ചയായി ആണ് സ്വപ്ന സുരേഷിന്റെ മൊഴിയും ഇ ഡി സുപ്രീം കോടതിയിൽ സമർപ്പിക്കുന്നത്.

സ്വപ്ന സുരേഷ്, പി.എസ് സരിത്, സന്ദീപ് നായർ, എം.ശിവശങ്കർ എന്നിവർ പ്രതികളായി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലുള്ള 610/2020 നമ്പർ കേസാണ് ബംഗളുരുവിലേക്ക് മാറ്റാൻ ശ്രമിക്കുന്നത്. ഡൽഹിയിൽ നടന്ന രണ്ട് ഉന്നതതല യോഗങ്ങളിലാണ് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റാൻ തീരുമാനമായത്. കേന്ദ്ര ധനമന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, നിയമമന്ത്രാലയം തുടങ്ങിയ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും കേന്ദ്ര സർക്കാരിന്റെ സീനിയർ അഭിഭാഷകരുമാണ് യോഗങ്ങളിൽ പങ്കെടുത്തത്.

നിലവിൽ കേസ് പരിഗണിക്കുന്നത് എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ്. കേസിലെ പ്രതിയായ എം. ശിവശങ്കർ ഇപ്പോഴും സർക്കാരിൽ നിർണായക പദവി വഹിക്കുന്ന ഉദ്യോഗസ്ഥനാണ്. അതിനാൽ സംസ്ഥാന സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഇടപെടലുകൾ ഉണ്ടാകുമോയെന്നു സംശയിക്കുന്നുണ്ട് എന്ന കാരണം ആണ് ഇ ഡി സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പ്രധാനമായും ചൂണ്ടി കാണിച്ചിരിക്കുന്നത്.

സ്വർണക്കടത്തു കേസുകളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെയുള്ള സ്വപ്നയുടെ പുതിയ ആരോപണങ്ങളെ പറ്റി തുടരന്വേഷണത്തിനാണ് കേന്ദ്രസർക്കാർ ഒരുങ്ങുന്നതെന്നാണ് സൂചന. രണ്ട് വർഷത്തിനപ്പുറം ലോക്‌സഭാ തിരഞ്ഞെടുപ്പ് വരുമ്പോഴേക്കും ഈ കേസുകൾ രാഷ്‌ട്രീയമായി മുതലെടുക്കാമെന്നാണ് കണക്കുകൂട്ടൽ.