37,000 അടി ഉയരത്തില്‍ എയര്‍ ഇന്ത്യ വിമാനത്തിന്റെ കോക്പിറ്റില്‍ കുരുവി; ഡിജിസിഎ അന്വേഷണം ആരംഭിച്ചു

single-img
19 July 2022

ബഹറൈനില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയിൽ പറക്കുന്നതിനിടെ എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ കോക്പിറ്റില്‍ കുരുവിയെ കണ്ടെത്തി. ഏകദേശം 37,000 അടി ഉയരത്തില്‍ പറക്കുന്നതിനിടെയാണ് വിമാനത്തിന്റെ കോക്പിറ്റില്‍ കുരുവിയെ കണ്ടത്. നിലവിൽ സംഭവത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അന്വേഷണം ആരംഭിച്ചു.

കൊച്ചിയില്‍നിന്ന് വിമാനം ബഹ്‌റൈനിലെത്തിയ ശേഷം മടക്കയാത്രയ്ക്ക് മുൻപ് നടത്തിയ പരിശോധനയില്‍ കോക്പിറ്റില്‍ ഒരു പക്ഷിയെ കണ്ടിരുന്നു. ഉടൻതന്നെ പരിശോധന നടത്തിയ ഉദ്യോഗസ്ഥന്‍ ഇതിനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനെ തുടർന്ന് പക്ഷി തനിയെ പറന്നു പോകുന്നതിനായി ഫ്‌ളൈറ്റ് ഡെക്കിന്റെ ജനലുകള്‍ തുറന്നിട്ടിട്ടും ഫലമുണ്ടായില്ല എന്നാണ് കരുതുന്നത് .

ഇതിനു പിന്നാലെ 10 മിനിറ്റിന് ശേഷം പരിശോധിച്ചെങ്കിലും പക്ഷിയെ കണ്ടെത്താന്‍ കഴിയാത്തതോടെ വിമാനം കൊച്ചിയിലേക്ക് പുറപ്പെടുകയായിരുന്നു . അതിനു ശേഷമാണ് 37,000 അടി ഉയരത്തില്‍ വെച്ച് ഗ്ലാസ് കമ്പാര്‍ട്ട്‌മെന്റിന് സമീപം പൈലറ്റുമാര്‍ പക്ഷിയെ വീണ്ടും കണ്ടത്.