വിമതപക്ഷത്തേക്ക് നീങ്ങാൻ ശിവസേന എംപിമാരും; തകർച്ചയിലേക്ക് ഉദ്ധവ് വിഭാഗം

single-img
19 July 2022

മഹാരാഷ്ട്രയില്‍ ശിവസേനയുടെ ഉദ്ധവ് പക്ഷം തകർച്ചയിലേക്ക് നീങ്ങുന്നു . നേരത്തെ എം.എല്‍.എമാര്‍ ഷിന്‍ഡെ പക്ഷത്ത് എത്തിയതിനു പിന്നാലെ ഇപ്പോൾ എംപിമാരും വിമതപക്ഷത്ത് എത്തുമെന്നാണ് റിപ്പോര്‍ട്ട്. ശിവസേനയുടെ 12 എംപിമാര്‍ വിമതപക്ഷ നേതാവും സംസ്ഥാന മുഖ്യമന്ത്രിയുമായ ഏക്‌നാഥ് ഷിൻഡെയുമായി ചര്‍ച്ച നടത്തി.

മുംബൈ സൗത്ത് സെൻട്രൽ എംപിയായ രാഹുൽ ഷെവാലെയുടെ നേതൃത്വത്തില്‍ പാര്‍ലമെന്‍റില്‍ പ്രത്യേക ഗ്രൂപ്പായി ഇരിക്കുന്നതിനെ കുറിച്ച് എംപിമാർ ഇന്നലെ രാത്രി സ്പീക്കർ ഓം ബിർളയ്ക്ക് കത്തയച്ചു. നിലവിൽ ലോക്‌സഭയിൽ ശിവസേനയ്ക്ക് 19 എംപിമാരാണുള്ളത്.

ഇതിൽ മഹാരാഷ്ട്രയിൽ നിന്ന് 18 പേരാണുള്ളത്. 19 എംപിമാരിൽ 12 പേരും ഏക്നാഥ് ഷിൻഡെയുമായുള്ള ഒരു വെർച്വൽ മീറ്റിങ്ങില്‍ പങ്കെടുത്തുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് . ശിവസേനയുടെ എംപിമാര്‍ ഷിന്‍ഡെയുടെ നേതൃത്വത്തില്‍ വിശ്വാസം അര്‍പ്പിച്ചെന്നും വിമത നേതാക്കള്‍ അവകാശപ്പെട്ടു. നേരത്തെ ഉദ്ധവ് താക്കറെയുടെ സഖ്യസർക്കാരിനെ താഴെയിറക്കിയാണ് ശിവസേനയിലെ വിമത എം എല്‍ എമാര്‍ ബിജെപി സഖ്യമുണ്ടാക്കി അധികാരം പിടിച്ചത്.