വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്ന കേസ്; ശബരിനാഥ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

single-img
19 July 2022

വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്ന കേസിൽ ശബരിനാഥ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. ഇന്ന് 11 മണിക്ക് അന്വേഷണ ഉദ്യോഗസ്ഥനായ ശംഖമുഖം അസിസ്റ്റൻറ് കമ്മീഷണർക്കു മുന്നിലാണ് ഹാജരാകുന്നത്. വിമാനത്തിനുളളിൽ നടത്തിയ പ്രതിഷേധത്തിന്റെ സൂത്രധാരൻ ശബരിനാഥാണെന്ന വിവരത്തെ തുടർന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നത്.

പൊലീസ് ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുമെന്നും പ്രചരിക്കുന്ന വാട്സ് ആപ്പ് സംഘടനയുടേതാണോയെന്ന് ഇപ്പോൾ പറയുന്നില്ലെന്നുമാണ് ശബരീനാഥന്റെ പ്രതികരണം. യൂത്ത് കോൺഗ്രസിനെ തറപറ്റിക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. സംഘടനാ തലത്തിൽ അവർക്കെതിരെ നടപടിയുണ്ടാകും. സമാധാനപരമായ ഒരു പ്രതിഷേധമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിയെ ആക്രമിക്കാൻ നിർദേശം നൽകിയത്‌ മുൻ എംഎൽഎ കെ എസ്‌ ശബരീനാഥാണെന്ന്‌ തെളിയിക്കുന്ന വാട്ട്സ് ആപ്പ് ചാറ്റുകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. യൂത്ത്‌ കോൺഗ്രസ്‌ ഔദ്യോഗിക വാട്‌ആപ്‌ ഗ്രൂപ്പിൽ നടന്ന ചർച്ച എന്ന രീതിയിലാണ് വാട്ട്സ് ആപ്പ് ചാറ്റുകൾ പ്രചരിച്ചത്.

സിഎം കണ്ണൂരിൽ നിന്ന്‌ വരുന്നുണ്ട്‌. രണ്ടുപേർ വിമാനത്തിൽ കയറി കരിങ്കൊടി കാണിക്കണം’ –-എന്ന്‌ നിർദ്ദേശിച്ചത്‌ യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ കെ എസ്‌ ശബരിനാഥനാണ്‌. വിമാനത്തിൽ നിന്ന്‌ മുഖ്യമന്ത്രിക്ക്‌ പുറത്തിറങ്ങാൻ ആകില്ലെന്നും ശബരിനാഥൻ പറയുന്നു.

സംസ്ഥാന പ്രസിഡന്റ്‌ ഷാഫി പറമ്പിൽ ഗ്രൂപ്പിന്റെ അഡ്‌മിനാണ്‌. വിമാനത്തിനുള്ളിലെ അക്രമം കളർഫുള്ളും അടിപൊളിയും ആകുമെന്നും അതിനാൽ ടിക്കറ്റിന്‌ എത്ര രൂപ ആയാലും കുഴപ്പമില്ല എന്നും നേതാക്കൾ പറയുന്നു. 109ഓളം നേതാക്കൾ അടങ്ങിയതാണ്‌ വാട്സ്‌ആപ് ഗ്രൂപ്പ്‌. യൂത്ത്‌ കോൺഗ്രസ്‌ ലോഗോയാണ്‌ ഡിസ്‌പ്ലേ പിക്‌ചർ. കണ്ണൂരിലെ കാര്യങ്ങളെല്ലാം റിജിൽ മാക്കുറ്റി ക്രമീകരിക്കണമന്നും തിരുവനന്തപുരത്ത്‌ സമരക്കാരെ സ്വീകരിക്കാൻ ശബരിനാഥൻ മുന്നിലുണ്ടാകണമെന്നും നിർദേശിക്കുന്നു.