ഇ പി ജയരാജന്‍ ശ്രമിച്ചത് അക്രമികളെ തടയാന്‍: മുഖ്യമന്ത്രി

single-img
19 July 2022

വിമാനത്തിനുള്ളിൽ വെച്ച് തനിക്കെതിരെ നടന്ന അക്രമത്തില്‍ ഇ പി ജയരാജന്‍ ശ്രമിച്ചത് അക്രമികളെ തടയാനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. താന്‍ ആ വിമാനത്തില്‍ യാത്ര ചെയ്ത വ്യക്തിയാണ്. അന്ന് വിമാനത്തില്‍ സംഭവിച്ചത് എന്തെന്ന് തനിക്കറിയാം. താന്‍ സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കുന്നതിന് മുന്‍പ് മുന്‍പ് തന്നെ അവര്‍ എഴുന്നേറ്റിരുന്നു. താന്‍ ഇറങ്ങുന്നതിനു വേണ്ടി നില്‍ക്കുമ്പോഴാണ് അവര്‍ പ്രതിഷേധിച്ചു വരുന്നത് എന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.

അതെ സമയം വിമാനത്തില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റും മുൻ എംഎൽഎയുമായ കെ എസ് ശബരിനാഥന്‍റെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയില്‍ ശബരിനാഥ് നല്‍കിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് അറസ്റ്റ് വിവരം അന്വേഷണം സംഘം അറിയിച്ചത്.

യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച സംഭവം വധഗൂഢാലോചനയുടെ ഭാഗമായാണെന്ന് ചൂണ്ടിക്കാട്ടി അറസ്റ്റ് രേഖപ്പെടുത്തി എന്നാണ് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചത്.

ഇന്ന് രാവിലെ പതിനൊന്നിന് ശംഖുമുഖം അസിസ്റ്റന്‍റ് കമ്മീഷണർ പൃഥ്വിരാജിന് മുൻപാകെ ചോദ്യം ചെയ്യലിന് ശബരിനാഥൻ ഹാജരായിരുന്നു. മുഖ്യമന്ത്രിക്കെതിരേ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തുന്നതു സംബന്ധിച്ച് ശബരീനാഥൻ ആഹ്വാനം ചെയ്തെന്നുള്ള വാട്സ് ആപ്പ് ചാറ്റുകൾ പുറത്ത് വന്നിരുന്നു. ഇതേത്തുടർന്നാണ് ശബരീനാഥന് പോലീസ് നോട്ടീസ് നൽകിയത്.