മനസ്സിൽ ഉദ്ദേശിച്ച കാര്യമല്ല പുറത്തേക്ക് വന്നത്; എം എം മണിക്കെതിരായ പരാമര്‍ശത്തില്‍ ഖേദപ്രകടനവുമായി കെ സുധാകരൻ

single-img
18 July 2022

സിപിഎം നേതാവും മുൻ മന്ത്രിയുമായ എം എം മണിയെ ചിമ്പാന്‍സിയോടുപമിച്ച പരാമര്‍ശം വിവാദമായതിന് പിന്നാലെ മാപ്പ് പറഞ്ഞ് കെ പി സി സി അധ്യക്ഷൻ കെ സുധാകരന്‍. തനിക്ക് സംഭവിച്ച തെറ്റിനെ തെറ്റായി കാണുന്നുവെന്നും, ന്യായീകരണത്തിനില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

പെട്ടെന്നുണ്ടായ ക്ഷോഭത്തിലാണ് അത്തരമൊരു പരാമര്‍ശം നടത്തിയതെന്നും മനസ്സില്‍ ഉദ്ദേശിച്ച കാര്യമല്ല പുറത്തുവന്നതെന്നും അധികം ചിന്തിക്കാതെയുണ്ടായ പ്രതികരണമാണെന്നും കെ സുധാകരന്‍ തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

നേരത്തെ മഹിളാ കോൺഗ്രസിനെ പിന്തുണച്ചുകൊണ്ട് ഒറിജിനല്‍ അല്ലാതെ കാണിക്കാന്‍ പറ്റുമോ, അതിപ്പോ അങ്ങനെ ആയതുകൊണ്ട് ഞങ്ങള്‍ എന്തു പിഴച്ചു, സൃഷ്ടാവിനോട് പറയുകയല്ലാതെ. മഹിള കോണ്‍ഗ്രസ് ഖേദം പ്രകടിപ്പിച്ചത് അവരുടെ മാന്യതയാണ്. മണിക്ക് അതൊന്നും ഇല്ലല്ലോ’ എന്നായിരുന്നു സുധാകരൻ പറഞ്ഞിരുന്നത്. ഇതാണ് വ്യാപക പ്രതിഷേധത്തിന് കാരണമായത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

ഇന്നത്തെ പത്രസമ്മേളനത്തിൽ നടത്തിയൊരു പരാമർശം വേണ്ടിയിരുന്നില്ലെന്ന് പിന്നീട് ആലോചിച്ചപ്പോൾ തോന്നി.

ഒരുപാട് മനുഷ്യരെ അകാരണമായി ആക്ഷേപിച്ചൊരു ആളെക്കുറിച്ച് ചോദ്യം വന്നപ്പോൾ, പെട്ടെന്നുണ്ടായ ക്ഷോഭത്തിൽ അധികം ചിന്തിക്കാതെ പ്രതികരിച്ചു പോയതാണ്. മനസ്സിൽ ഉദ്ദേശിച്ച കാര്യമല്ല പുറത്തേക്ക് വന്നതും.

തെറ്റിനെ തെറ്റായി തന്നെ കാണുന്നു. യാതൊരു ന്യായീകരണത്തിനും മുതിരാതെ അതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു.