ഗാന്ധിസ്‌മൃതി–ദർശൻ സമിതിയുടെ മാസികയുടെ കവർ ചിത്രം വി ഡി സവർക്കറുടേത്‌

single-img
17 July 2022

രാജ്യത്തെ ദേശീയ സ്‌മാരകവും മ്യൂസിയവുമായ ഗാന്ധിസ്‌മൃതി–-ദർശൻ സമിതിയുടെ ജൂൺ ലക്കം മാസിക പുറത്തിറക്കിയ കവർ ചിത്രം വി ഡി സവർക്കറുടേത്‌. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സമിതിയുടെ അന്തിം ജന്‍ എന്ന ഹിന്ദി മാസികയിലാണ് മുഖചിത്രത്തോടെ പ്രത്യേക സവർക്കർ പതിപ്പ്‌ പുറത്തിറക്കിയത്‌.

വിഡി സവർക്കറുടെ ജന്മവാർഷികമായ മെയ്‌ 28ന്‌ അദ്ദേഹത്തോടുള്ള ‘ആദരസൂചക’മായാണ്‌ പ്രത്യേക പതിപ്പിറക്കിയത് എന്നാണ് വിശദീകരണം. മാത്രമല്ല, സർക്കാർ എഴുതിയ‘ഹിന്ദുത്വ’ എന്ന പുസ്തകത്തിലെ ലേഖനം അതേ തലക്കെട്ടില്‍ മാസിക പുനഃപ്രസിദ്ധീകരിച്ചു.

മുൻ പ്രധാനമന്ത്രി കൂടിയായ എ ബി വാജ്‌പേയി സവർക്കറെക്കുറിച്ച്‌ എഴുതിയ ലേഖനവും ഉൾപ്പെടുത്തി. സവര്‍ക്കര്‍ പതിപ്പിനെതിരെ പ്രതിപക്ഷവും ഗാന്ധിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധിയും രംഗത്തെത്തി. ഗാന്ധിയൻ തത്വശാസ്‌ത്രങ്ങളിൽ വെള്ളംചേർത്ത ഭരണകൂടം ഇഷ്ടമുള്ളപോലെ ചരിത്രത്തെ വളച്ചൊടിക്കുകയാണെന്നും ഗാന്ധിയെയും സവർക്കറെയും തുല്യരാക്കി ചിത്രീകരിക്കാനാണ്‌ ശ്രമമെന്നും തുഷാർ ഗാന്ധി പറഞ്ഞു.

എന്നാൽ പുതിയ ലക്കം മാസികയെ ന്യായീകരിച്ച സമിതി വൈസ് ചെയർപേഴ്‌സൺ വിജയ് ഗോയൽ, സവർക്കർ ഗാന്ധിയെപ്പോലെ മഹാനാണെന്ന വിചിത്രവാദം ഉന്നയിച്ചു. രാഷ്‌ട്രപിതാവിന്റെ ജീവിതവും ആശയവും പ്രചരിപ്പിക്കാൻ സാംസ്‌കാരിക വകുപ്പിന്റെ മേൽനോട്ടത്തിൽ 1984 മുതൽ പ്രവർത്തിച്ചുവരുന്ന സ്വയംഭരണ സംവിധാനമാണ് ഗാന്ധി സ്‌മൃതി ദർശൻ സമിതി.