മുല്ലപ്പെരിയാർ: തമിഴ്‌നാട് കേരളത്തിന് ആദ്യ മുന്നറിയിപ്പ് നല്‍കി

single-img
17 July 2022

മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്നതോടെ തമിഴ്‌നാട് കേരളത്തിന് ആദ്യ മുന്നറിയിപ്പ് നല്‍കി. ഡാമിലെ ജലനിരപ്പ് 135.65 ലേക്കാണ് ഉയർന്നത്. ജലനിരപ്പ് 135.40 അടിയിലെത്തിയതോടെ ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് മുന്നറിയിപ്പ് കൈമാറിയത്.തുറക്കുന്നതിനു മുന്നോടിയായി 3 മുന്നറിയിപ്പുകളാണു നല്‍കുക. പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടറുടെ നിര്‍ദേശമുണ്ട്.

വൈകാതെ തന്നെ മുല്ലപ്പെരിയാറിലെ അനുവദനീയ ജലനിരപ്പായ 136.30 അടിയിലെത്തിച്ചേരാന്‍ സാധ്യതയുണ്ട്. വൃഷ്ടി പ്രദേശത്ത് മഴ കുറവായതിനാല്‍ ജലനിരപ്പ് വേഗത്തില്‍ ഉയരില്ലെന്നാണു അധികൃതരുടെ കണക്കുകൂട്ടല്‍ എങ്കിലും എല്ലാ മുൻകരുതലുകളും സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി. റൂള്‍ കര്‍വ് പ്രകാരം ജൂലൈ 10 മുതല്‍ 19 വരെയാണു 136.30 അനുവദനീയമായ ജലനിരപ്പ്. തുടര്‍ന്ന് ജൂലൈ 20 മുതല്‍ 30 വരെ തീയതികളില്‍ 136.60 അടിയിലേക്കു റൂള്‍ കര്‍വ് പ്രകാരം ജലനിരപ്പ് മാറും.

നിലവില്‍ 1867 ക്യുസെക്‌സ് ജലം തമിഴ്‌നാട് കൊണ്ടുപോവുന്നുണ്ട്. ജൂലൈ പാതിയോടെ ജലനിരപ്പ് 136 അടിയിലേക്കെത്തുന്നത് ചരിത്രത്തില്‍ തന്നെ ആദ്യമായാണ്. അതേ സമയം ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും എല്ലാ മുന്‍കരുതലും സ്വീകരിച്ചതായും ജില്ലാ കലക്ടര്‍ അറിയിച്ചു.