ഇന്ത്യയിൽ നടന്ന മേഘവിസ്‌ഫോടനം വിദേശരാജ്യങ്ങളുടെ ഗൂഢാലോചന; വിചിത്ര വാദവുമായി കെ ചന്ദ്രശേഖര റാവു

single-img
17 July 2022

ഇന്ത്യയിൽ നടന്ന മേഘവിസ്‌ഫോടനങ്ങൾ രാജ്യത്തിന് എതിരെയുള്ള വിദേശശക്തികളുടെ ഗൂഢാലോചനയാണെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു. ഭദ്രാചലത്തെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിനിടെ ആയിരുന്നു മുഖ്യമന്ത്രിയുടെ ഈ വിചിത്ര വാദം.

“മേഘവിസ്‌ഫോടനം എന്നത് പുതിയ പ്രതിഭാസമാണ്. മേഘവിസ്‌ഫോടനമാണ് ഗോദാവരി മേഖലയിലെ വെള്ളപ്പൊക്കത്തിന് കാരണമായത്. ഇവ വിദേശശക്തികളുടെ ഗൂഢാലോചനയാണെന്ന് റിപ്പോർട്ടുകളുണ്ട്.അവർ ആദ്യം ലേ-ലഡാക്കിലും പിന്നീട് ഉത്തരാഖണ്ഡിലും ഇപ്പോൾ ഗോദാവരി മേഖലയിലും മേഘവിസ്‌ഫോടനം നടത്തി. രാജ്യത്തെ അസ്ഥിരപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യം. ഇതിൽ വാസ്തവം എത്രത്തോളം എന്ന് എനിക്കറിയില്ല “, കെസിആർ പറഞ്ഞു.

നിർമൽ ജില്ലയിലെ ഗോദാവരി നദിയുടെ കൈവഴിയായ കടേം നദിയിലെ അണക്കെട്ട് ദൈവത്തിന്‍റെ അത്ഭുതത്താലാണ് വെള്ളപ്പൊക്കത്തെ അതിജീവിച്ചത്. 2.90 ലക്ഷം ക്യുസെക്‌സ് പരമാവധി സംഭരണ ശേഷിയുള്ള അണക്കെട്ടിൽ പ്രളയകാലത്ത് ജലനിരപ്പ് അഞ്ച് ലക്ഷം ക്യുസെക്‌സ് വരെ എത്തി. എന്നിട്ടും ഡാം ഇപ്പോഴും നിലനിൽക്കുന്നുവെന്നത് അത്ഭുതമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഏഴ് ദിവസമായി തെലങ്കാനയിൽ കനത്ത മഴ പെയ്യുന്നതിനാൽ ഗോദാവരി നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. പതിനായിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. കഴിഞ്ഞ ആഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം, മഴയുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ പത്തിലധികം പേർ മരിച്ചു. ഗോദാവരി വൃഷ്ടിപ്രദേശത്തും അപ്‌സ്ട്രീം മഹാരാഷ്ട്രയിലും കനത്ത മഴയും വെള്ളപ്പൊക്കത്തിന് കാരണമായി. തെലങ്കാനയിലെ ചില ജില്ലകളിൽ നദിക്കരയിലുള്ള താഴ്ന്ന ഗ്രാമങ്ങളും പട്ടണങ്ങളും വെള്ളത്തിനടിയിലായി. വെള്ളപ്പൊക്കത്തിന്റെ തീവ്രത ജൂലൈയിൽ അഭൂതപൂർവമാണെന്ന് പ്രസ്താവിക്കപ്പെടുന്നു.