ലീഗ് പ്രവർത്തകസമിതി യോഗത്തിൽ രൂക്ഷ വിമർശനം; ക്ഷുഭിതനായി രാജി സന്നദ്ധത അറിയിച്ച് കുഞ്ഞാലിക്കുട്ടി

single-img
16 July 2022

കൊച്ചിയിൽ ഇന്ന് ചേർന്ന മുസ്‌ലിം ലീഗ് സംസ്ഥാന പ്രവർത്തകസമിതി യോഗത്തിൽ ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമർശനം ഉയർന്നു. കെ എസ് ഹംസ, കെ എം ഷാജി, പി കെ ബഷീർ എന്നിവരാണ് വിമർശനമുന്നയിച്ചത്.

എന്നാൽ തനിക്കെതിരെ ഉയർന്ന വിമർശനങ്ങളോട് ക്ഷുഭിതനായാണ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. രാജിവെക്കാൻ വരെ തയ്യാറാണെന്ന് അദ്ദേഹം യോഗത്തിൽ വ്യക്തമാക്കി. ലീഗ് മുഖപത്രമായ ചന്ദ്രികയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചാണ് പ്രധാനമായും അദ്ദേഹത്തിനെതിരെ വിമർശനമുയർന്നത്.

ചന്ദ്രികയുമായി ബന്ധപ്പെട്ട ഫണ്ടിൽ സുതാര്യത വേണമെന്ന് പി കെ ബഷീർ എംഎൽഎ ആവശ്യപ്പെട്ടു. പത്രത്തിനായി സമുദായത്തിന്റെ പണമാണ് ഉപയോഗിക്കുന്നതെന്ന് ഓർമ വേണമെന്നും ചന്ദ്രികക്ക് വേണ്ടി പല പിരിവുകളും നടക്കുന്നുണ്ടെങ്കിലും പണം ചന്ദ്രികയിലേക്ക് എത്തുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം പികെ കുഞ്ഞാലിക്കുട്ടി ഏത് മുന്നണിയിലാണെന്ന് അണികൾക്ക് സംശയമുണ്ടെന്ന് കെ എസ് ഹംസ പറഞ്ഞു. സ്വർണക്കടത്ത് കേസിൽ ഉൾപ്പെടെ സംസ്ഥാന സർക്കാർ പ്രതിരോധത്തിലായ വിഷയങ്ങളിൽ കുഞ്ഞാലിക്കുട്ടി കൃത്യമായ നിലപാട് പറയുന്നില്ലെന്നായിരുന്നു ഷാജിയുടെ വിമർശനം.