സംവിധായിക കുഞ്ഞില പോലീസ് കസ്റ്റഡിയില്‍

single-img
16 July 2022

കോഴിക്കോട് നടക്കുന്ന അന്താരാഷ്ട്ര വനിതാ ചലച്ചിത്രോത്സവത്തില്‍ തന്റെ സിനിമ ഉൾപ്പെടുത്താത്തതിൽ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ച യുവ വനിതാ സംവിധായിക കുഞ്ഞില മാസ്സിലാമണി പോലീസ് കസ്റ്റഡിയില്‍. താൻ സംവിധാനം ചെയ്ത സിനിമ ചലച്ചിത്ര മേളയില്‍ ഉള്‍പ്പെടുത്താത്തിനെതിരെ നേരത്തെതന്നെ കുഞ്ഞില രംഗത്ത് വന്നിരുന്നു.

ചലച്ചിത്ര മേളയുടെ വേദിയില്‍ കെകെ രമയ്ക്ക് അനുകൂലമായും മുഖ്യമന്ത്രി പിണറായി വിജയന് എതിരെയും കുഞ്ഞില മുദ്രാവാക്യം വിളിച്ചു. ഇതിനെ തുടർന്ന് പോലീസ് ബലം പ്രയോഗിച്ചാണ് കുഞ്ഞിലയെ കസ്റ്റഡിയിലെടുത്ത് വേദിയില്‍ നിന്നും മാറ്റിയത്. തന്റെ ഫേസ്ബുക്കിൽ പോലീസ് വാഹനത്തിനുള്ളിൽ പോലീസിന്റെ തൊപ്പിയും ധരിച്ചുകൊണ്ട് അവരുടെ വാഹനത്തിൽ ഇരിക്കുന്ന ചിത്രവും കുഞ്ഞില പങ്കുവെച്ചിട്ടുണ്ട്.

‘കെകെ രമയെ എംഎം മണി അധിക്ഷേപിച്ചു, അങ്ങിനെ പിണറായി വിജയന്‍ ആണ് അധിക്ഷേപിച്ചത്, ടിപി ചന്ദ്രശേഖരനെ സിപിഎം കൊന്നു, പിണറായി വിജയന്‍ കള്ളം പറയുന്ന മുഖ്യമന്ത്രിയാണ്, ഞാനാണ് അയാളുടെ കസേരയിലിരിക്കാന്‍ യോഗ്യ, കെകെ രമ സിന്ദാബാദ് എന്ന് കസ്റ്റഡിയിലെടുക്കവേ കുഞ്ഞില പറഞ്ഞു. ഇതോടൊപ്പം തന്നെ പിണറായി വിജയന്‍ എന്നെ അറസ്റ്റ് ചെയ്തു, കെകെ രമ സിന്ദാബാദ് എന്ന് കുഞ്ഞില ഫേസ്ബുക്കില്‍ എഴുതിയിട്ടുണ്ട്.