നിരോധിക്കപ്പെട്ടത് കേന്ദ്രസർക്കാരിന്റെ പ്രവർത്തനങ്ങളെ കൃത്യമായി വിവരിക്കുന്ന വാക്കുകൾ; പരിഹാസവുമായി രാഹുൽ ഗാന്ധി

single-img
14 July 2022

കേന്ദ്രസർക്കാർ പാർലമെന്റിൽ ഉപയോഗിക്കാവുന്ന 65 വാക്കുകൾ വാക്കുകൾ വിലക്കിയ സംഭവത്തിൽ സർക്കാരിനെതിരെ പരിഹാസവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര സർക്കാരിന്റെ പ്രവർത്തനങ്ങളെ കൃത്യമായി വിവരിക്കുന്ന വാക്കുകളാണ് നിരോധിച്ചതെന്ന് രാഹുൽ ഗാന്ധി പരിഹസിച്ചു. ഇതാണ് ഇന്ത്യയുടെ പുതിയ ഡിക്ഷ്ണറിയെന്നും അദ്ദേഹം പറയുന്നു.

ലോക്‌സഭ സെക്രട്ടറിയേറ്റിലൂടെ അരാജകവാദി, കുരങ്ങൻ, കോവിഡ് വാഹകൻ, അഴിമതിക്കാരൻ, കുറ്റവാളി, മുതലക്കണ്ണീർ, ഗുണ്ടായിസം, നാടകം, കഴിവില്ലാത്തവൻ, കാപട്യം, കരിദിനം, ഗുണ്ട, ചതി, അഹങ്കാരം, നാട്യം ഉൾപ്പെടെ 65 വാക്കുകൾക്കാണ് വിലക്കേർപ്പെടുത്തിയത്.

വരുന്ന തിങ്കളാഴ്ച തുടങ്ങാനിരിക്കുന്ന മൺസൂൺ സമ്മേളനത്തിന് മുന്നോടിയായിട്ടാണ് പട്ടിക പുറത്തിറക്കിയത്. ഇനിമുതൽ പാർലമെന്റിലെ ചർച്ചക്കിടെ പ്രസ്തുത വാക്കുകൾ ഉപയോഗിച്ചാൽ നീക്കംചെയ്യും. വാക്കുകളും പ്രയോഗങ്ങളും നീക്കം ചെയ്യുന്നതിൽ രാജ്യസഭാ ചെയർമാനും ലോക്സഭാ സ്പീക്കറുമാണ് തീരുമാനമെടുക്കേണ്ടത്. എന്നാൽ വിലക്കിയ വാക്കുകൾ പാർലമെന്റിൽ പറയുമെന്ന് തൃണമൂൽ എംപി ഡെറിക് ഒബ്രിയാൻ വ്യക്തമാക്കിയിട്ടുണ്ട്.