വർക്ക് ഫ്രം ഹോം നിയമപരമായ അവകാശമാക്കി മാറ്റും; നിയമഭേദഗതിയുമായി നെതർലാൻഡ്

single-img
11 July 2022

വീട്ടിൽ ഇരുന്ന് ജോലിചെയ്യുന്നതിനെ നിയമപരമായ അവകാശമാക്കി മാറ്റാനുള്ള നെതർലൻഡ് സർക്കാരിൻ്റെ നീക്കം അവസാനഘട്ടത്തിലേക്ക് കടക്കുന്നു. ഇതുമായി ബന്ധപ്പെട്ട നിയമഭേദഗതി ഡച്ച് പാർലമെൻ്റിൻ്റെ അധോസഭ പാസാക്കി.

ഇനി സെനറ്റിൻ്റെ അംഗീകാരം കൂടി ലഭിച്ചാൽ വർക്ക് ഫ്രം ഹോം രാജ്യത്തെ നിയമപരമായ അവകാശമായി തീരുമെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മാത്രമല്ല, ഈ ഒരു മാറ്റത്തിലൂടെ വർക്ക് ഫ്രം ഹോം ‘നിയമപരമായ അവകാശം’ ആയി സ്ഥാപിക്കപ്പെടുന്ന ലോകത്തെ ആദ്യത്തെ രാജ്യങ്ങളിലൊന്നായി നെതർലൻഡ് മാറും.

തൊഴിലാളികളുടെ ജോലി സമയത്തിലടക്കം കാലാനുസൃതമായ മാറ്റം വരുത്താൻ കഴിയുന്ന 2015ലെ ഫ്ലെക്സിബിൾ വർക്കിങ് ആക്ട് ഭേദഗതി വരുത്തിയാണ് സർക്കാർ ഇപ്പോൾ വർക്ക് ഫ്രം ഹോം നിയമപരമായ അവകാശമാക്കി മാറ്റാനൊരുങ്ങുന്നത്. ജീവനക്കാർക്ക് തൊഴിലുടമകൾ അനുവദിക്കുന്നിടത്തോളം കാലം വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യമാകും ഈ നിയമം പ്രാബല്യത്തിൽ വരുന്നതോടെ കിട്ടുക.

അതേസമയം, വർക്ക് ഫ്രം ഹോം അനുവദിക്കണമെന്ന തൊഴിലാളികളുടെ ആവശ്യം തള്ളാൻ തൊഴിലുടമയ്ക്ക് നിലവിലെ ചട്ടപ്രകാരം സാധിക്കും. പക്ഷെ പുതിയ നിയമം പ്രാബല്യത്തിൽ എത്തുന്നതോടെ ആവശ്യം തള്ളാനുണ്ടായ കാരണവും സാഹചര്യവും തൊഴിലുടമ വിശദീകരിക്കേണ്ടി വരും.