9500 കിലോ ഭാരം; പുതിയ പാര്‍ലമെന്റ് മന്ദിരത്തിൽ വൻ അശോകസ്തംഭം പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു

single-img
11 July 2022

നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ മേല്‍ക്കൂരയില്‍ 20 അടി ഉയരമുള്ള അശോകസ്തംഭം പ്രധാനമന്ത്രി മോദി അനാച്ഛാദനം ചെയ്തു. നിർമ്മാണത്തിൽ പങ്കെടുക്കുന്ന തൊഴിലാളികളുടെ ക്ഷേമത്തെക്കുറിച്ചും മോദി ചോദിച്ചറിഞ്ഞു. മോദി ഇന്ന് അനാച്ഛാദനം ചെയ്ത അശോക സ്തംഭത്തിന് 9500 കിലോഗ്രാം ഭാരമാണുള്ളത്.

പൂർണ്ണമായും വെങ്കലത്തിലാണ് അശോക സ്തംഭത്തിന്റെ നിര്‍മ്മാണം. 6500 കിലോഗ്രാം ഭാരമുള്ള ഉരുക്കിന്റെ മുകളിലാണ് അശോക സ്തംഭം സ്ഥാപിച്ചിരിക്കുന്നത്. മന്ദിരത്തിന്റെ നിര്‍മ്മാണത്തിന് 200 കോടിയോളം രൂപ അധികമായി വേണ്ടി വരുമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.

സ്റ്റീല്‍, ഇലക്ട്രോണിക്സ് ഉത്പന്നങ്ങള്‍ എന്നിവയുടെ ചെലവ് വര്‍ദ്ധിച്ചതാണ് ബജറ്റിനു പുറത്തേക്ക് നിര്‍മ്മാണ ചെലവ് ഉയര്‍ത്തിയത്. ഈ വര്‍ധിച്ച ചെലവിന് ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ അംഗീകാരം സിപിഡബ്ല്യുഡിക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയാണ് ഈ വിവരം പുറത്തുവിട്ടത്.