വിലക്കയറ്റത്തിനെതിരെ പ്രതിഷേധിക്കാൻ ശിവപാർവ്വതി വേഷത്തിൽ ബൈക്കിൽ തെരുവ് നാടകം; അഭിനേതാക്കൾ അറസ്റ്റിൽ

single-img
10 July 2022

രാജ്യത്തെ വർദ്ധിച്ചുവരുന്ന വിലക്കയറ്റത്തിനെതിരെ പ്രതിഷേധിക്കാൻ ശിവപാർവ്വതി വേഷത്തിൽ ബൈക്കിൽ സഞ്ചരിച്ചുകൊണ്ടു തെരുവ് നാടകം നടത്തിയത് വിവാദമാകുന്നു. യുവാവും യുവതിയും അസമിലെ നാഗൂൺ ടൗണിലാണ്ശ നിയാഴ്ച രാവിലെ 8.30ഓടുകൂടി ശിവന്റേയും പാർവ്വതിയുടേയും വേഷത്തിൽ ബൈക്കിലൂടെ സഞ്ചരിച്ചത്.

നിലവിൽ പോലീസ് ശിവന്റെ വേഷം ധരിച്ച ബ്രിനിഞ്ചി ബോറയേയും പാർവ്വതി വേഷത്തിലെത്തിയ കരിഷ്മയേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹിന്ദുക്കളുടെ ദൈവങ്ങളെ മോശമായി ചിത്രീകരിച്ചതിനെതിരെ ബജ്റംഗ്ദളിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും നാഗോൺ ജില്ലാ ഘടകങ്ങൾ സംഭവത്തെ ശക്തമായി അപലപിച്ചു.

അറസ്റ്റിലായ അഭിനേതാക്കൾ പറയുന്നത് ഇങ്ങിനെ: ” ബൈക്കിൽ ഉണ്ടായിരുന്ന ഇന്ധനം തീരുന്നത് വരെ സ്വാഭാവികമായൊരു യാത്രയായിരുന്നു അത്. പക്ഷെ പെട്രോൾ തീർന്നതോടെ വാഹനത്തിൽ നിന്നുമിറങ്ങി പാർവ്വതി പരിഭവിച്ചു. ഇത് പിന്നീട് ശിവനും പാർവ്വതിയും തമ്മിലുള്ള തർക്കത്തിലേക്ക് കലാശിച്ചു.

രാജ്യത്തെവർദ്ധിക്കുന്ന വിലക്കയറ്റത്തെ കുറിച്ചും പണപ്പെരുപ്പത്തെ കുറിച്ചുമൊക്കെയായിരുന്നു ഇരുവരുടേയും തർക്കങ്ങൾ. ഇവിടെ മുതലാളിമാരുടെ താൽപര്യം മുൻനിർത്തിയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും സാധാരണക്കാരുടെ പ്രശ്നങ്ങളിൽ ആശങ്കയില്ലെന്നും ശിവന്റെ വേഷം ധരിച്ച യുവാവ് പറഞ്ഞു.

തങ്ങൾ ലക്ഷ്യമാക്കുന്ന പ്രമേയത്തിലേക്ക് കാണികളുടെ ശ്രദ്ധയാകർഷിക്കുവാനുള്ള ഒരു ക്രിയാത്മക പ്രതിഷേധമായിരുന്നു ഇതെന്നാണ് അഭിനേതാക്കൾ നൽകുന്ന വിശദീകരണം.അതിനാലാണ് ഇത്തരത്തിൽ വേഷം ധരിച്ച് ബഡാ ബസാർ പ്രദേശത്തെത്തി തെരുവ് നാടകം അവതരിപ്പിച്ചതെന്നും യുവാവ് പറയുന്നു.