ആവേശമായി ലങ്കന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രതിഷേധ ഗാനം; ലോകനേതാക്കന്മാർക്കൊപ്പം പിണറായി വിജയനും

single-img
10 July 2022

ജനകീയ പ്രക്ഷോഭം കത്തിപ്പടരുന്ന ശ്രീലങ്കയിൽ ആവേശമായി ലങ്കന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയായ ജനതാ വിമുക്തി പെരമുനയുടെ പ്രതിഷേധ ഗാനം. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഇറ്റാലിയന്‍ കര്‍ഷക തൊ‍ഴിലാളികള്‍ പാടിയ പ്രതിഷേധ ഗാനമാണ് ബെല്ലാ സിയാവോയുടെ പുതിയ കവര്‍ സോങ് ആയി പുറത്തിറക്കിയത്. യൂട്യൂബിലൂടെ റിലീസ് ചെയ്ത ഗാനത്തില്‍ ലോകമെങ്ങുമുള്ള കമ്യൂണിസ്റ്റ് നേതാക്കളുടെ കൂട്ടത്തിൽ സി പി എം പോളിറ്റ് ബ്യുറോ അംഗവും കേരളം മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ ചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുയോഗത്തില്‍ പ്രസംഗിക്കുന്ന ചിത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

അതെ സമയം പ്രസിഡന്റ് ഗോതാബയ രാജപക്‌സെ ഒളിച്ചോടുകയും രാജി പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ സ്പീക്കർ മഹിന്ദ യാപ്പ അബേയ്‌വർധനേ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റാകും എന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. താത്കാലിക പ്രസിഡന്റായാണ് ചുമതലയേൽക്കുന്നത്. ഒരു മാസത്തിന് ശേഷം പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കും. തിരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റിന് ശേഷിക്കുന്ന രണ്ടു വർഷം അധികാരത്തിലിരിക്കാം. അടുത്ത വെള്ളിയാഴ്ച പാർലമെന്റ് സമ്മേളനം ചേരാൻ സാദ്ധ്യതയുണ്ടെന്നാണ് വിവരം. രാജ്യത്ത് സമാധാനം നിലനിർത്താൻ സഹകരിക്കണമെന്നും പിരിഞ്ഞുപോകണമെന്നും സംയുക്ത സൈനിക മേധാവി ജനറൽ ഷാവേന്ദ്ര സിൽവ പ്രക്ഷോഭകരോട് അഭ്യർത്ഥിച്ചു.