ഗോവ: പ്രതിപക്ഷ നേതാവ് മൈക്കിൾ ലോബോ ഉൾപ്പെടെ കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക്

single-img
10 July 2022

ഗോവൻ നിയമസഭയിൽ ബജറ്റ് സമ്മേളനം ആരംഭിക്കാൻ ഒരു ദിവസം മാത്രം ശേഷിക്കെ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് എംഎൽഎയുമായ ദികമ്പർ കാമത്ത്, പ്രതിപക്ഷ നേതാവ് മൈക്കിൾ ലോബോ എന്നിവർ ഉൾപ്പെടെ ഒരു വിഭാഗം എംഎൽഎമാർ ബിജെപിയിലേക്കെന്ന് റിപ്പോർട്ട്.

ഇതിനായി ബിജെപിയുടെ കേന്ദ്ര നേതൃത്വവുമായി ധാരണയിൽ എത്തിയ ഇവർ ഏതുസമയവും പാർട്ടിയിൽ ചേരുമെന്ന് കോൺഗ്രസ് എംഎൽഎയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ നാൽപതംഗ നിയമസഭയിൽ കോൺഗ്രസിന് 11 അംഗങ്ങളാണ് ഉള്ളത്.

അതേസമയം, 20 എംഎൽഎമാരുള്ള ബിജെപിക്ക് രണ്ട് എംജിപി അംഗങ്ങളുടെ പിന്തുണയുമുണ്ട്. മന്ത്രിസഭയുടെ അയോഗ്യത ഒഴിവാക്കാനായി കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറാനാണ് കോൺഗ്രസ് എംഎൽഎമാരുടെ നീക്കമെന്നാണ് റിപ്പോർട്ട്.

പക്ഷെ ഈ വാർത്ത പുറത്തുവന്ന പിന്നാലെ ബിജെപിയിൽ ചേരുന്നുവെന്ന അഭ്യൂഹങ്ങൾ തള്ളി ദികമ്പർ കാമത്തും മൈക്കിൾ ലോബോയും രംഗത്തെത്തി. ഇന്നലെ നടന്ന കോൺഗ്രസ് എംഎൽഎമാരുടെ യോഗത്തിലെ ദികമ്പർ കാമത്തിൻ്റെയടക്കം അസാന്നിധ്യവും അഭ്യൂഹങ്ങൾക്ക് ശക്തിപകരുന്നുണ്ട്.