ഷിന്‍സോ ആബെയുടെ കൊലപാതകി പെന്‍ഷന്‍ ലഭിക്കാത്ത നാവികസേനാ ഉദ്യോഗസ്ഥൻ; അഗ്നിപഥില്‍ കേന്ദ്രസർക്കാരിനെതിരെ തൃണമൂൽ

single-img
9 July 2022

ജപ്പാന്റെ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ വെടിയേറ്റുള്ള കൊലപാതകത്തെ കേന്ദ്രസര്‍ക്കാരിനെതിരായ ആയുധമാക്കി തൃണമൂല്‍ കോണ്‍ഗ്രസ്. ഇന്ത്യയിൽ കേന്ദ്രം കൊണ്ടുവന്ന സൈന്യത്തിലെ കരാർ സമാനമായ അഗ്നിപഥ് പദ്ധതിയുമായി ബന്ധിപ്പിച്ചായിരുന്നു പാര്‍ട്ടി മുഖപത്രമായ ‘ജാഗോ ബംഗ്ലാ’യുടെ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയിലൂടെയാണ് ടിഎംസിയുടെ രൂക്ഷ വിമർശനം.

ഷിന്‍സോ ആബെയെ വെടിവെച്ചയാൾ പെന്‍ഷന്‍ ലഭിക്കാത്ത നാവികസേനാ ഉദ്യോഗസ്ഥനാണെന്ന് തൃണമൂല്‍ ആരോപിക്കുന്നു. കൊലപാതക പ്രതിയായ തെത്സുയ യമഗാമി പ്രവര്‍ത്തിച്ചിരുന്ന മാരിടൈം സെല്‍ഫ് ഡിഫന്‍സ് ഫോഴ്സിനെ അഗ്‌നിപഥ് പദ്ധതിയുമായി താരതമ്യപ്പെടുത്തിയാണ് തുടര്‍ ആരോപണങ്ങള്‍.

‘വെടിയുതിര്‍ത്തയാള്‍ നേരത്തെ ജപ്പാന്റെ പ്രതിരോധ സേനയിലായിരുന്നു. മൂന്ന് വര്‍ഷത്തെ സേവനത്തിന് ശേഷം യമഗാമിക്ക് ജോലി നഷ്ടപ്പെട്ടതായി അവിടെ നിന്നുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പെന്‍ഷനൊന്നും ലഭിക്കാത്ത അദ്ദേഹം തൊഴില്‍രഹിതനായിരുന്നു.

ഒരു ജോലിയില്ലാത്തതിനാല്‍ നിരാശനായാണ് കൊലയാളി അബെയെ ലക്ഷ്യം വെച്ചതെന്നാണ് റിപ്പോര്‍ട്ട്. യുവാക്കളെ പ്രതിരോധ സേനയില്‍ ഹ്രസ്വകാലത്തേക്ക് നിയമിക്കാനും പെന്‍ഷനും മറ്റ് റിട്ടയര്‍മെന്റ് ആനുകൂല്യങ്ങളും നല്‍കാതെ അവരെ നാല് വര്‍ഷത്തിന് ശേഷം വിടാനുമാണ് മോദി സര്‍ക്കാരും ഉദ്ദേശിക്കുന്നത്’- ടിഎംസി കുറ്റപ്പെടുത്തി.

ജപ്പാന്റെ ഗ്രൗണ്ട് സെല്‍ഫ് ഡിഫന്‍സ് ഫോഴ്‌സ്, ജപ്പാന്‍ മാരിടൈം സെല്‍ഫ് ഡിഫന്‍സ് ഫോഴ്‌സ്, ജപ്പാന്‍ എയര്‍ സെല്‍ഫ് ഡിഫന്‍സ് ഫോഴ്‌സ് എന്നിവ ഉള്‍പ്പെടുന്ന രാജ്യത്തിന്റെ സൈനിക സേനയാണ് ജാപ്പനീസ് സെല്‍ഫ് ഡിഫന്‍സ് ഫോഴ്‌സ്. ഇവിടെ ഉദ്യോഗസ്ഥര്‍ക്ക് അവരുടെ വിരമിക്കലിന് ശേഷം ഒറ്റത്തവണ പേയ്മെന്റാണ് ലഭിക്കുക. പിന്നീട് സ്ഥിരമായ പെന്‍ഷന്‍ പദ്ധതിയില്ല.