ജനകീയ പ്രതിഷേധം രൂക്ഷം; ശ്രീലങ്കയിൽ പ്രസിഡൻറ് ഗോതബയ രജപക്‌സെയും രാജിവെച്ചു

single-img
9 July 2022

സാമ്പത്തിക പ്രതിസന്ധിയായി തകർന്ന ശ്രീലങ്കയിൽ ജനകീയ പ്രതിഷേധം ശക്തമായി തുടരവേ അധികാരമൊഴിയാണ് വിസമ്മതിച്ചിരുന്ന പ്രസിഡൻറ് ഗോതബയ രജപക്‌സെയും രാജിവെച്ചു. പ്രതിസന്ധി ഘട്ടത്തിൽ ചുമതലയേറ്റ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ നേരത്തെ രാജിവെച്ചിരുന്നു.

ഇനി ശ്രീലങ്കയിൽ അടുത്ത ഒരു മാസത്തിനകം തെരഞ്ഞെടുപ്പ് നടക്കും. തെരഞ്ഞെടുപ്പ് നടക്കുംവരെ സ്പീക്കർ അജിത് രജപക്‌സെ ആക്ടിങ് പ്രസിഡന്റായി കാവൽ സർക്കാർ വരും. ഇപ്പോഴുള്ള സർക്കാരിന്റെ കീഴിലാണ് തെരഞ്ഞെടുപ്പ് നടക്കുക.

ഇന്ന് നടന്ന സർവകക്ഷി യോഗത്തിലാണ് സ്പീക്കറെ കാവൽ സർക്കാരിനെ നയിക്കാൻ തിരഞ്ഞെടുത്തത്. അതേസമയം, പ്രസിഡൻറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ന് ലക്ഷങ്ങളാണ് തെരുവിലിറങ്ങിയത്. പ്രതിഷേധം നയിച്ചെത്തിയ ജനങ്ങൾ ഗോതബായയുടെ ഔദ്യോഗിക വസതി കയ്യേറുകയും ചെയ്തിരുന്നു.

സുരക്ഷാ സേന ചെറുത്തു നിന്നെങ്കിലും പ്രക്ഷോഭകർ സേനയെ മറികടന്ന് കൊട്ടാരത്തിലേക്ക് ഇരച്ചു കയറി. ലങ്കൻ സൈന്യം ഇദ്ദേഹത്തെ അതീവ സുരക്ഷിതമായി മാറ്റിയതായും, അതല്ല, അദ്ദേഹം രാജ്യം വിട്ടതായും റിപ്പോർട്ടുകളുണ്ട്. ഈ സംഭവത്തിന്റെ പിന്നാലെയാണ് പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ രാജിവച്ചത്.