ചോള രാജാക്കന്മാരുടെ കാലത്തെ കഥയുമായി ‘പൊന്നിയൻ സെൽവൻ’ ടീസർ എത്തി

single-img
8 July 2022

ദക്ഷിണേന്ത്യയിലെ തന്നെ മുഴുവൻ സിനിമാ പ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വമ്പന്‍ പ്രോജക്റ്റുകളിലൊന്നാണ് മണി രത്‌നത്തിന്റെ ‘പൊന്നിയന്‍ സെല്‍വന്‍’. ഈ സിനിമയുടെ ആദ്യ ഭാഗം സെപ്റ്റംബര്‍ 30ന് റിലീസ് ചെയ്യും. ഇപ്പോഴിതാ, ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നിരിക്കുകയാണ്. ആദ്യ ഭാഗത്തിന്റെ ടീസറാണ് റിലീസ് ചെയ്തത്.

തമിഴ് സാഹിത്യകാരൻ കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ അതേ പേരുള്ള തമിഴ് നോവലിനെ ആധാരമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. പുരാതന ചോള രാജാവായിരുന്ന അരുള്‍മൊഴി വര്‍മനെ (രാജരാജ ചോളന്‍ ഒന്നാമന്‍) കുറിച്ചുള്ളതാണ് 2400 പേജുള്ള നോവല്‍.

വിക്രം, കാര്‍ത്തി, ജയംരവി, പ്രകാശ് രാജ്, ശരത് കുമാര്‍, ഐശ്വര്യ റായ്, തൃഷ തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മലയാളത്തില്‍ നിന്ന് ജയറാമും പൊന്നിയന്‍ സെല്‍വനില്‍ വേഷമിടുന്നുണ്ടെന്നതാണ് സവിശേഷത.

മണിരത്‌നവും എഴുത്തുകാരന്‍ ബി ജയമോഹനും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഓസ്‌കര്‍ ജേതാവ് എ.ആര്‍ റഹ്‌മാന്‍ ആണ് പൊന്നിയന്‍ സെല്‍വന്റെ പശ്ചാത്തല സംഗീതവും ഗാനങ്ങളും ഒരുക്കുന്നത്.