എകെജി സെന്റർ ആക്രമണം; അന്വേഷണം നിലച്ചമട്ടിൽ

single-img
8 July 2022

എകെജി സെന്ററിനു നേരെ സ്ഫോടക വസ്തു എറിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോഴും പ്രതിയെ പിടിക്കാതെ പൊലീസ്. ആസൂത്രിതമായ ആക്രമണമെന്നു നേരിട്ടെത്തി പരിശോധിച്ച മുഖ്യമന്ത്രി വരെ പറഞ്ഞ കേസായിട്ടും പ്രതിയാര് എന്ന ചോദ്യത്തിനു മൗനമാണ് പൊലീസിന്റെ മറുപടി.

ഒരാഴ്ച അരിച്ചുപെറുക്കിയിട്ടും നൂറിലേറെ സിസിടിവി ക്യാമറകളും രണ്ടായിരത്തോളം സ്കൂട്ടറുകളും പരിശോധിച്ചിട്ടും ഒരു തുമ്പുമില്ലാതെ അന്വേഷണം വഴിമുട്ടിയിരിക്കുകയാണ്. മാത്രമല്ല 8 പൊലീസുകാര്‍ കാവല്‍ നില്‍ക്കെ ഒരാള്‍ സ്ഫോടകവസ്തു എറിഞ്ഞത് പൊലീസ് വീഴ്ചയെന്നു മുഖ്യമന്ത്രി നിയമസഭയില്‍ തന്നെ സമ്മതിച്ചെങ്കിലും അതിൽ അന്വേഷണം നടത്തുകയോ പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായ വീഴ്ചയിൽ നടപടി എടുക്കുകയോ ചെയ്തിട്ടില്ല.

അക്രമിയുടെ മുഖമോ വാഹനനമ്പറോ തിരിച്ചറിയാനായി നൂറിലേറെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. രാത്രിയായതിനാല്‍ ഒന്നിലും വ്യക്തമല്ലെന്നാണ് മറുപടി. രണ്ടാമത്തെ അന്വേഷണം അക്രമിയുടെ സ്കൂട്ടര്‍ കേന്ദ്രീകരിച്ചായിരുന്നു. അതേ മോഡലിലുള്ള രണ്ടായിരത്തോളം സ്കൂട്ടര്‍ ഉടമകളെ കണ്ടും വിളിച്ചും അന്വേഷിച്ചു. അവരെ ബുദ്ധിമുട്ടിച്ചതിനപ്പുറം ഗുണമൊന്നുമുണ്ടായില്ല. ഇങ്ങിനെ വഴികളൊന്നായി അടഞ്ഞതോടെ സംശയമുള്ളവരെ ചോദ്യം ചെയ്യുന്നതിനപ്പുറം അന്വേഷണം നിലച്ചമട്ടാണ്.

ഇടതുമുന്നണി കണ്‍വീനറുടെ പ്രതികരണത്തോടെ കേസിനു രാഷ്ട്രീയപ്രാധാന്യം ഏറിയിരുന്നു. പക്ഷേ, പ്രതിയെ കിട്ടാതെ വന്നതോടെ കോണ്‍ഗ്രസാണ് ആക്രമിച്ചതെന്ന വാദത്തില്‍നിന്ന് കോണ്‍ഗ്രസിനെ സംശയമുണ്ട് എന്ന നിലയിലേക്കു സിപിഎം പിന്‍മാറി.