മനോജ് എബ്രഹാം വിജിലന്‍സ് മേധാവി; സംസ്ഥാനത്തെ പോലീസ് തലപ്പത്തെ അഴിച്ചുപണിയിൽ 17 ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനചലനം

single-img
8 July 2022

കേരളത്തിലെ പൊലീസ് തലപ്പത്ത് വ്യാപക അഴിച്ചുപണിയുമായി സംസ്ഥാന സർക്കാർ . എഡിജിപി റാങ്കിലുള്ള മനോജ് എബ്രാഹാമിനെ വിജിലന്‍സ് മേധാവിയായി നിയമിച്ചു. കെ പദ്മകുമാറിനെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് എഡിജിപിയായി നിയമിച്ചപ്പോൾ എം ആര്‍ അജിത്കുമാർ ബറ്റാലിയന്‍ എഡിജിപിയായി.

യോഗേഷ് ഗുപ്തയാണ് ബിവറേജസ് കോര്‍പറേഷന്‍ എം ഡി. ടി വിക്രം ഉത്തരമേഖല ഐജിയായും അശോക് യാദവ് സെക്യൂരിറ്റി ഐജിയായും നിയമിക്കപെട്ടു. ഇതോടൊപ്പം തന്നെ വിവിധ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും സ്ഥാനചലനം സംഭവിച്ചു.

കോട്ടയം, ഇടുക്കി, വയനാട് എസ്പിമാരെ സ്ഥലംമാറ്റി. എറണാകുളം, കൊല്ലം കമ്മീഷണര്‍മാരെയും സ്ഥലംമാറ്റി. പുറമെ റൂറല്‍ എസ്പിമാരെയും സ്ഥലം മാറ്റിയിട്ടുണ്ട്. എസ് ശ്യാം സുന്ദര്‍ ക്രൈം ഡി ഐ ജി, കെ കാര്‍ത്തിക് കോട്ടയം ജില്ലാ പൊലീസ് മേധാവി, ശില്‍പ .ഡി വനിതാ സെല്‍ എസ്പി, വി.യു കുര്യാക്കോസ് ഇടുക്കി ജില്ലാ പൊലീസ് മേധാവി, ആര്‍.കറുപ്പ് സ്വാമി കോഴിക്കോട് റൂറല്‍ പൊലീസ് മേധാവി, ആര്‍.ആനന്ദ് വയനാട് ജില്ലാ പൊലീസ് കമ്മീഷണര്‍, മെറിന്‍ ജോസഫ് കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍, വിവേക് കുമാര്‍ എറണാകുളം റൂറല്‍ പോലീസ് കമ്മീഷണര്‍, എ.ശ്രീനിവാസ് എസ്എസ് ബി സെക്യൂരിറ്റി എസ് പി, റ്റി.നാരായണന്‍ എഎഐജി പി എച്ച് ക്യൂ എന്നീ സ്ഥാനങ്ങളിലും ചുമതലയേല്‍ക്കും. ആകെ 17 ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കാണ് സ്ഥാനചലനം.