സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരും; 12 ജില്ലകളിൽ യെല്ലോ അലേർട്ട്

single-img
8 July 2022

സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം ഇടിയോടു കൂടിയ കനത്ത മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 12 ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ മുന്നറിയിപ്പ്.

മലയോര മേഖലകളിലും കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിലും കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

മൺസൂൺ പാത്തി ( Monsoon Trough) അതിന്റെ സാധാരണ സ്ഥാനത്ത് നിന്ന് തെക്കോട്ടു മാറി സജീവമായിട്ടുണ്ട്. തെക്കൻ മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യുനമർദ്ദ പാത്തി നിലനിൽക്കുന്നുണ്ട്. തെക്കൻ ഒഡിഷ – വടക്കൻ ആന്ധ്രാ പ്രദേശ് തീരത്തിനു സമീപം മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിനു മുകളിൽ ചക്രവാതചുഴിയും ( Cyclonic Circulation)നിലനിൽക്കുന്നുണ്ട്. ഇതിന്‍റെ ഫലമായാണ് വ്യാപകമായ മഴയ്ക്കുള്ള സാധ്യതകള്‍ പ്രവചിച്ചിട്ടുള്ളത്.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് (ജൂലൈ 8 വെള്ളി) കാസർകോട്, കണ്ണൂർ ജില്ലകളിലെ അങ്കണവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾ സിബിഎസ്ഇ, ഐസിഎസ്ഇ ഉൾപ്പടെയുള്ള സ്ക്കൂളുകൾക്കും മദ്രസകൾക്കും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു.

ഇടുക്കി ജില്ലയിൽ, ദേവികുളം താലൂക്ക് പരിധിയിൽ 04.07.2022 തീയതി മുതൽ മഴ തുടരുന്നതിനാലും, താലൂക്കിന്റെ പല ഭാഗങ്ങളിലും പ്രത്യേകിച്ച് മൂന്നാർ, ദേവികുളം ഭാഗങ്ങളിൽ വ്യാപകമായി മണ്ണിടിച്ചിൽ ഉണ്ടായിട്ടുള്ളതിനാലും, ദേവികുളം താലൂക്ക് പരിധിയിൽ വരുന്ന അങ്കണവാടികൾ, നഴ്സറികൾ CBSE, ICSE സ്ഥാപനങ്ങൾക്കും സ്കൂളുകൾ, പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് (08.07.2022) അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും, ഇന്റർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല.