ഹിന്ദു ദൈവങ്ങളുടെ സംരക്ഷകരല്ല ബിജെപി: മഹുവ മൊയ്ത്ര

single-img
8 July 2022

കാളി ദേവിയുടെ പോസ്റ്ററുമായി ബന്ധപ്പെട്ട പരാമർശം വിവാദമായതിനു പിന്നാലെ ബിജെപിക്കെതിരെ ആക്രമണം രൂക്ഷമാക്കി തൃണമൂൽ എംപി മഹുവ മൊയ്ത്ര. കാളിപൂജ എങ്ങിനെ നടത്തണം എന്ന് ബിജെപിക്കാർ ബംഗാളികളെ പഠിപ്പിക്കേണ്ടതില്ലെന്നും ഹിന്ദു ദൈവങ്ങളുടെ സംരക്ഷകരല്ല ബിജെപിയെന്നും മഹുവ പറഞ്ഞു.

രാജ്യത്ത് ഏകദേശം 2,000 വർഷമായി പ്രചാരത്തിലുള്ള വ്യത്യസ്തമായ ആചാരാനുഷ്ഠാനങ്ങളുള്ള ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലുള്ള ആളുകളിൽ ഉത്തരേന്ത്യയിലെ ദേവതകളെ ആരാധിക്കുന്ന രീതികളെ അടിസ്ഥാനമാക്കി ബിജെപിക്ക് അവരുടെ കാഴ്ചപ്പാടുകൾ അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്ന് അവർ പറഞ്ഞു.

ബിജെപി പിന്തുടരുന്ന ഹിന്ദുത്വ അജണ്ടയും ഏകശിലാത്മകമായ പ്രത്യയശാസ്ത്രവും മറ്റുള്ള വിഭാഗങ്ങൾക്കുമേൽ അടിച്ചേൽപിക്കാനുള്ള ശ്രമത്തിനെതിരെയാണ് താൻ സംസാരിച്ചതെന്നും അവർ ബംഗാളിൽ നിന്നുള്ള ഒരു വാർത്താചാനലിനോട് സംസാരിക്കവെ പറഞ്ഞു.

രാജ്യത്തിന്റെ നന്മയ്ക്ക് വേണ്ടി അതുപോലെയുള്ള നീക്കങ്ങൾ ചെറുക്കണമെന്നും അവർ ആവശ്യപ്പെട്ടു. സസ്യാഹാരം കഴിക്കുന്ന വെളുത്ത വസ്ത്രധാരിയുമായി കാളിയെ ഒരാൾക്ക് സങ്കൽപിക്കാവുന്നതു പോലെ മാംസാഹാരിയായ കാളിയെ സങ്കൽപിക്കാനുള്ള സ്വാതന്ത്ര്യം തനിക്കുമുണ്ടെന്ന മഹുവയുടെ പരാമർശമാണ് വിവാദമായത്. ബിജെപിയുടെ ഭരണമുള്ള ഏതെങ്കിലും സംസ്ഥാനത്തെ ഉന്നതർക്ക് കാളിപൂജ എങ്ങനെയായിരിക്കണമെന്ന് രേഖാമൂലം എഴുതി കോടതിയിൽ നൽകാനുള്ള ധൈര്യമുണ്ടോയെന്നും മഹുവ വെല്ലുവിളിച്ചു.