ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനു ജാമ്യം

single-img
8 July 2022

ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനു സുപ്രീംകോടതി ജാമ്യം അനുവദിച്ചു. അഞ്ചുദിവസത്തേക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. സുബൈർ സീതാപൂർ മജിസ്ട്രേറ്റ് കോടതിയുടെ അധികാരപരിധിക്ക് പുറത്തേക്ക് പോകരുതെന്ന് നിബന്ധനയുണ്ട്. കേസുമായി ബന്ധപ്പെട്ട് പുതിയ ട്വീറ്റുകളോ പരസ്യപ്രസ്താവനകളോ പാടില്ലെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി.

യു.പി പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നു ആവശ്യപ്പെട്ടു മുഹമ്മദ് സുബൈർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. നിലവില്‍ സീതാപൂര്‍ കോടതി സുബൈറിനെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

മതവികാരം വൃണപ്പെടുത്തുന്ന ട്വീറ്റുകള്‍ പ്രസിദ്ധീകരിച്ചെന്നാരോപിച്ച് ജൂണ്‍ 27നാണ് സുബൈറിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് സുബൈര്‍ സമര്‍പ്പിച്ച ജാമ്യപേക്ഷ പട്യാല ഹൗസ് കോടതി തള്ളിയിരുന്നു. 1983 ലെ കിസി സേ ന കഹാ എന്ന ഹിന്ദി ചിത്രത്തിലെ ഒരു ദൃശ്യം പങ്കുവെച്ച് നടത്തിയ ട്വീറ്റിലാണ് മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് സുബൈറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മതവികാരം വ്രണപ്പെടുത്തല്‍, വിദ്വേഷം വളര്‍ത്തല്‍ തുടങ്ങിയ വകുപ്പുകള്‍ സുബൈറിനെതിരെ ചുമത്തിയിട്ടുണ്ട്.