തമിഴ്നാടിനെ രണ്ടായി വിഭജിക്കണമെന്ന് ബിജെപി എംഎൽഎ നൈനർ നാഗേന്ദ്രൻ

single-img
7 July 2022

തമിഴ്നാടിനെ വിഭജിക്കണമെന്ന് ബിജെപി എംഎൽഎ നൈനർ നാഗേന്ദ്രൻ. ‘രാജയുടെ പ്രസംഗം കേട്ടപ്പോഴാണ് എനിക്ക് ഇങ്ങനെ ആശയം തോന്നിയത്. തമിഴ്നാടിനെ രണ്ടാക്കിയാൽ കേന്ദ്ര പദ്ധതികളെല്ലാം ജനങ്ങളിലേക്കു നല്ല രീതിയിൽ എത്തിക്കാനാകും. ബിജെപി അധികാരത്തിലെത്തിയാൽ നമുക്കു കൂടുതൽ ഫണ്ട് ലഭിക്കും’ – നൈനര്‍ നാഗേന്ദ്രൻ പറഞ്ഞു. 38 ജില്ലകളിലായി 234 നിയമസഭാ മണ്ഡലങ്ങളാണ് തമിഴ്നാട്ടിലുള്ളത്. ബിജെപിക്ക് നിലവിൽ 4 എംഎൽഎമാരാണുള്ളത്. ഭരണകക്ഷിയായ ഡിഎംകെയ്ക്കെതിരെ തമിഴ്നാട് ബിജെപി നടത്തുന്ന പ്രതിഷേധ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു നാഗേന്ദ്രൻ.

നേരത്തേ കൊങ്കുനാട് എന്നപേരിൽ കോയമ്പത്തൂർ ഉൾപ്പെടെ തമിഴ്നാടിന്റെ പടിഞ്ഞാറൻ മേഖലയെ വിഭജിച്ച് പുതിയ സംസ്ഥാനമെന്ന ആശയം ബിജെപി മുന്നോട്ടുവച്ചിരുന്നു. എന്നാൽ ഇതിനെതിരെ വൻ പ്രതിഷേധം ഉയർന്നതോടെ പാർട്ടിതന്നെ അതു നിഷേധിക്കുകയും ചെയ്തു.

എന്നാൽ ഇതിനെതിരെ രൂക്ഷ ഭാഷയിലാണ് ഡിഎംകെ പ്രതിയ്ക്കരിച്ചത്.

‘‘വിഭജിച്ചാൽ ബിജെപിക്ക് ഇപ്പോഴുള്ള നാല് അംഗങ്ങളെക്കൂടി നഷ്ടമാകും. അവർ തമിഴ്നാട്ടിൽനിന്നു പുറത്താകും. അങ്ങനെ വിഭജിക്കണമെങ്കിൽ ആദ്യം 403 നിയമസഭാ മണ്ഡലങ്ങളും 83 ലോക്സഭാ മണ്ഡലങ്ങളുമുള്ള ഉത്തർപ്രദേശ് വിഭജിക്കട്ടെ’’ – ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവൻ ദേശീയമാധ്യമത്തോടു പ്രതികരിച്ചു.