സജി ചെറിയാനെതിരെ കേസെടുത്തു

single-img
7 July 2022

സജി ചെറിയാന്റെ വിവാദ പ്രസംഗത്തിനെതിരായ പരാതിയിൽ പൊലീസ് കേസെടുത്തു. തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രിവൻഷൻ ഓഫ് ഇൻസൾട്ട് ടു നാഷണൽ ഓണർ ആക്ടിലെ രണ്ടാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്. പ്രസംഗത്തിന്റെ വീഡിയോ ദൃശ്യം പരിശോധിച്ച ശേഷമായിരുന്നു കീഴ്‌വായ്പൂർ പൊലീസിന്റെ നടപടി.

സജി ചെറിയാൻ മന്ത്രിസ്ഥാനം രാജി വെച്ചെങ്കിലും വിവാദം ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയം ചർച്ച ചെയ്യും. സജി ചെറിയാന് എം എൽ എ ആയി തുടരാൻ ആകുമോ എന്ന വിഷയത്തിൽ ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം എടുക്കും. ഹോണർ ആക്ട് ലംഘിച്ചതിനാൽ സജി ചെറിയാൻ ക്രിമിനൽ നടപടി നേരിടേണ്ട സാഹചര്യം ഉണ്ടെന്നും എംഎൽഎ സ്ഥാനവും രാജി വെക്കേണ്ടി വരുമെന്നും ചില നിയമ വിദഗദ്ധർ പറയുന്നത്.

എന്നാൽ മന്ത്രിയുടെയും എം എൽ എ യുടെയും സത്യ പ്രതിജ്ഞ വ്യത്യസ്തമാണെന്നാണ് മറു വാദം. മന്ത്രിയെ ഗവർണ്ണർ നിയമിക്കുമ്പോൾ എംഎൽഎയെ ജനം തെരെഞ്ഞെടുക്കുന്നു. എംഎൽഎയെ അയോഗ്യനാകാൻ ഭരണ ഘടനയുടെ 191 ആം അനുചേദം പറയുന്ന കാര്യങ്ങളിൽ നിലവിലെ വിവാദ നടപടി ഉൾപ്പെടുന്നില്ല എന്നും വാദം ഉണ്ട്. പക്ഷെ ഭരണ ഘടന തന്നെ ആണ് തള്ളിയത് എന്നതാണ് പ്രശ്‍നം. കോടതിയുടെ പരിഗണനയിൽ ഉള്ള കേസിലെ തുടർ നടപടിയും സജിയുടെ കാര്യത്തിൽ നിർണ്ണായകമാണ്.

മന്ത്രി സ്ഥാനം രാജി വെച്ചെങ്കിലും ഭരണ ഘടനയെ അവഹേളിച്ച പ്രസംഗം തള്ളിപ്പറയാത്ത സജി ചെറിയനെതിരായ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷം തീരുമാനിച്ചിരിക്കുന്നത്. ഇന്നും നിയമസഭയിൽ പ്രശ്നം ഉന്നയിക്കാനാണ് നീക്കം. സജി ചെറിയാൻ എം എൽ എ സ്ഥാനവും രാജി വെക്കണം എന്നാണ് കോൺഗ്രസ്സും ബിജെപിയും ആവശ്യപ്പെടുന്നത്. വിവാദത്തിൽ മുഖ്യമന്ത്രി പ്രതികരിക്കാത്തതും പ്രതിപക്ഷം സഭയിൽ ഉന്നയിക്കും. എന്നാൽ, മന്ത്രിയുടെ രാജിയോടെ വിവാദം തീർന്നു എന്നാണ് സി പി എം നിലപാട്.