മുഖ്താർ അബ്ബാസ് നഖ്വി രാജിവെച്ചതോടെ കേന്ദ്ര സർക്കാറിൽ മുസ്‍ലിം പ്രാതിനിധ്യമില്ലാതായി

single-img
7 July 2022

കേന്ദ്ര മന്ത്രിസഭയിലെ ഏക മുസ്ലിം പ്രതിനിധിയായ മുഖ്താർ അബ്ബാസ് നഖ്വി ഇന്നലെ രാജിവെച്ചതോടെ മോഡി സർക്കാറിൽ മുസ്‍ലിം പ്രാതിനിധ്യമില്ലാതായി. മുസ്ലിംകളിലെ പിന്നാക്കം നിൽക്കുന്നവരിലേക്ക് ബി.ജെ.പിയിലേക്ക് എത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബി.ജെ.പി ദേശീയ നിർവാഹക സമിതിയിൽ ആഹ്വാനംചെയ്തതിന് പിന്നാലെയാണിത് ആകെ ഉള്ള മുസ്ലിം പ്രതിനിത്യവും നഷ്ടമായത്.

നിലവിൽ രാജ്യത്തെ 17 സംസ്ഥാനങ്ങളിലെ സർക്കാറുകളിൽ പ്രാതിനിധ്യമില്ലാത്ത ഏറ്റവും വലിയ ന്യൂനപക്ഷ വിഭാഗമാണ് മുസ്‍ലിം സമുദായം. രാജ്യത്തെ 10 സംസ്ഥാനങ്ങളിൽ ഒരു മുസ്ലിം മന്ത്രി മാത്രമാണുള്ളത്. പശ്ചിമ ബംഗാളിലാണ് ഏറ്റവും കൂടുതൽ മന്ത്രിമാരുള്ളത് -ഏഴുപേർ. ക്രിസ്ത്യൻ, സിഖ് വിഭാഗങ്ങളെ അടുപ്പിക്കാനുള്ള ശ്രമങ്ങൾ ബി.ജെ.പി നടത്തിക്കൊണ്ടിരിക്കുന്ന വേളയിൽ ന്യൂനപക്ഷ മന്ത്രാലയത്തിൽ നഖ്‍വിക്ക് പകരം ആര് വരുമെന്നുള്ളതും നിർണായകമാണ്.

ഇന്നലെയാണ് കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‌വി രാജിവെച്ചത്. രാജ്യസഭാ എംപി കൂടിയായ നഖ്‌വിയുടെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് കേന്ദ്രമന്ത്രി സ്ഥാനത്തുനിന്നുള്ള രാജി. ഇന്നലെ രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ എന്നിവരുമായി നഖ്‌വി കൂടിക്കാഴ്ച നടത്തിയിരുന്നു. നഖ്‌വി വഹിച്ചിരുന്ന ന്യൂനപക്ഷ വകുപ്പിന്റെ അധിക ചുമതല സ്മൃതി ഇറാനിക്ക് നൽകിയിട്ടുണ്ട്. രാജിവച്ച മറ്റൊരു മന്ത്രി ആർ.സി.പി. സിങ് വഹിച്ചിരുന്ന സ്റ്റീൽ വകുപ്പിന്റെ ചുമതല ജ്യോതിരാദിത്യ സിന്ധ്യയ്ക്കും നൽകി.

അടൽ ബിഹാരി വാജ്പേയിയുടെ സർക്കാരിലും മന്ത്രിസ്ഥാനം വഹിച്ചിരുന്നവരിൽ മോദി സർക്കാരിൽ ശേഷിക്കുന്ന രണ്ടു പേരിൽ ഒരാളാണ് നഖ്‌വി. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങാണ് രണ്ടാമൻ.