വടക്കൻ കേരളത്തിൽ മഴ ശക്തം

single-img
5 July 2022

കേരളത്തിൽ മഴ ശക്തമായി തുടരുന്നു. മൺസൂൺ പാത്തി കൂടുതൽ തെക്കോട്ട് നീങ്ങിയതും ജാർഖണ്ഡിനും പശ്ചിമ ബംഗാളിനും മുകളിലായുള്ള ന്യൂനമർദ്ദവുമാണ് ശക്തമായ മഴ തുടരാൻ കാരണം.

തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്. ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ഇല്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ന് വടക്കൻ ജില്ലകളിൽ കൂടുതൽ ശക്തമായ മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കാസര്‍കോട് മഞ്ചേശ്വരത്ത് കനത്ത മഴയെ തുടർന്ന് ഒരു വീട്ടില്‍ വെള്ളം കയറി. കുടുംബത്തെ മാറ്റി പാർപ്പിച്ചു. ജില്ലയിൽ മലയോര മേഖലകളിലും മഴ ശക്തമാണ്. കനത്ത മഴ കണക്കിലെടുത്ത് ജില്ലയില്‍ ഇന്ന് കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പ്പടെ എല്ലാ സ്കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

കോഴിക്കോട് തിരുവമ്പാടിയിൽ ശക്തമായ മഴയിൽ വീട് തകർന്നു. താഴെ തിരുവമ്പാടി, കുനിയൻ പറമ്പത്ത് ഇടത്തിൽ ഗോപിയുടെ വീടാണ് തകർന്നത്. പാലക്കാട് നെല്ലിയാമ്പതിയിലും ശക്തമായ മഴയുണ്ടായി. പുലർച്ചെ തുടങ്ങിയ മഴ തുടരുകയാണ്. രണ്ട് വീടുകളിൽ വെള്ളം കയറി. കോട്ടയത്ത് ശക്തമായ മഴയിൽ മണ്ണിടിഞ്ഞ് വീടിന് മുകളിലേക്ക് വീണു. പാലാ ഇടനാട് പാറത്തോട് ശ്രീനിവാസന്റെ വീടിന് മുകളിലേക്കാണ് മണ്ണ് ഇടിഞ്ഞ് വീണത്. പാലയിൽ ശക്തമായ മഴ തുടരുകയാണ്.

കോഴിക്കോട് പതങ്കയം വെളളച്ചാട്ടത്തിൽ കഴിഞ്ഞ ദിവസം ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായി തെരച്ചിൽ തുടരുകയാണ്. ഇന്നലെ പ്രതികൂല കാലാവസ്ഥയെ തുടർന്ന് തെരച്ചിൽ നിർത്തി വച്ചിരുന്നു.ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് തെരച്ചിൽ പുരോഗമിക്കുന്നത്. ഇന്നലെ വൈകീട്ടാണ് ഈസ്റ്റ് മലയമ്മ സ്വദേശി ഹുസ്‍നി വെളളച്ചാട്ടത്തിൽ അകപ്പെട്ടത്. ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു അപകടം.