ശക്തനായ നേതാവാകാന്‍ ഒരാള്‍ക്ക് 56 ഇഞ്ച് നെഞ്ച് ആവശ്യമില്ല: മഹുവ മൊയ്ത്ര

single-img
5 July 2022

ശക്തനായ ഒരു നേതാവാകാന്‍ ഒരാള്‍ക്ക് 56 ഇഞ്ച് നെഞ്ച് ആവശ്യമില്ലെന്ന് മഹുവ മൊയ്ത്ര എംപി. നമ്മുടെ രാജ്യത്ത് നവീന്‍ പട്‌നായിക് ശക്തനായ നേതാവാണ്, മമത ബാനര്‍ജി ശക്തനായ നേതാവാണ്. ശക്തനായ ഒരു നേതാവാകാന്‍ നിങ്ങള്‍ക്ക് 56 ഇഞ്ച് നെഞ്ച് ഉണ്ടായിരിക്കേണ്ടതില്ല.’ പ്രതിപക്ഷത്തെ ഐക്യമുന്നണിയെ നയിക്കാന്‍ സാധ്യതയുള്ള നേതാക്കളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവര്‍.

2014ൽ നടന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തര്‍പ്രദേശില്‍ നടന്ന റാലിയിലാണ് പ്രധാനമന്ത്രി മോദി ’56 ഇഞ്ച് നെഞ്ച്’ എന്ന പരാമര്‍ശം നടത്തിയത്. ഉത്തർ പ്രദേശിനെ ഗുജറാത്തിന് തുല്യമായി വികസിപ്പിക്കാന്‍ ’56 ഇഞ്ച് നെഞ്ച്’ വേണ്ടിവരുമെന്ന് അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി പറഞ്ഞിരുന്നു.

ദേശീയ തലത്തിൽ പ്രതിപക്ഷത്തിന്റെ ഐക്യം ആവശ്യമല്ലേ എന്ന ചോദ്യത്തിനോട് ‘ഒരു സഖ്യത്തിന്റെ നേതാവാകാന്‍ എനിക്ക് താല്‍പ്പര്യമില്ല’ എന്ന് ആദ്യം പറഞ്ഞത് മമത ബാനര്‍ജിയാണെന്ന് അവര്‍ പറഞ്ഞു. നിരവധിയായ പ്രശ്നങ്ങള്‍ ഉന്നയിച്ച് ബിജെപിയെ നേരിടാം എന്നും അവര്‍ പറഞ്ഞു.

കേന്ദ്രസർക്കാരിൽ ബിജെപി അധികാരം ദുരുപയോഗം ചെയ്യുന്നുവെന്നും മഹുവ മൊയ്ത്ര ആരോപിച്ചു. ഇന്ത്യയുടെ സാമ്പത്തിക, ഭരണ, രാഷ്ട്രീയ ഫെഡറലിസത്തിന് സമാധാനപരമായി നിലനില്‍ക്കാന്‍ കഴിയുമെന്ന് ആന്ധ്രയും കേന്ദ്രവും തമ്മിലുള്ള ഇടപാടുകള്‍ തെളിയിക്കുന്നുണ്ട്.

പക്ഷെ 65 വര്‍ഷത്തിന് ശേഷം ആസൂത്രണ കമ്മീഷന്‍ ഒഴിവാക്കിയതാണ് ഫെഡറലിസത്തിന് ആദ്യ പ്രഹരം ഏല്‍ക്കുന്നത്. സംസ്ഥാനങ്ങളുമായുള്ള സമവായ കരാറിന്റെ അടിസ്ഥാനത്തില്‍ ഗ്രാന്റുകള്‍ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇത് കൈകാര്യം ചെയ്തു. ഇപ്പോള്‍, നീതി ആയോഗ് വരുന്നു, അതിന്റെ വിവേചനാധികാരത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഗ്രാന്റുകള്‍,’ മൊയ്ത്ര പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷമായി കേന്ദ്രം വളരെ മോശം സാമ്പത്തിക പ്രവര്‍ത്തനമാണ് നടത്തിയതെന്നും അത് നികത്താനാണ് ഇപ്പോള്‍ സംസ്ഥാനങ്ങളെ തളര്‍ത്തുന്നതെന്നും അവര്‍ ആരോപിച്ചു.