പെപ്പെ ആവാൻ അർജുൻ ദാസ്; ‘അങ്കമാലി ഡയറീസ്’ ബോളിവുഡിലേക്ക്

single-img
1 July 2022

തമിഴ് നടൻ അർജുൻ ദാസ് ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സൂപ്പർഹിറ്റ് ചിത്രമായ അങ്കമാലി ഡയറീസിന്റെ ഹിന്ദി റീമേക്കിലൂടെയാണ് അർജുൻ അരങ്ങേറ്റം കുറിക്കുന്നത് ആന്റണി വർഗീസ് അവതരിപ്പിച്ച പെപ്പെ എന്ന കഥാപാത്രത്തെയാണ് അർജുൻ അവതരിപ്പിക്കുന്നത്. 

കെഡി എങ്കിറാ കറുപ്പുദുരൈ ഫെയിം മധുമിതയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഉൾനാടൻ ഗോവയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇതൊരു റീമേക്ക് അല്ലെന്നും ലിജോ ജോസ് സിനിമയെ അടിസ്ഥാനമാക്കിയായിരിക്കും ചിത്രത്തിന്റെ വ്യാഖ്യാനം എന്നും മധുമിത പറയുന്നു. സേവ്യർ എന്നാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തിന്റെ പേര്. സേവ്യറാകാൻ അർജുൻ ദാസ് അല്ലാതെ മറ്റൊരു നടനില്ലെന്ന് മധുമിത പറയുന്നു. 

അങ്കമാലി ഡയറീസ് പോലൊരു മികച്ച ചിത്രത്തിന്റെ റീമേക്കിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അർജുൻ ദാസ് പറഞ്ഞു. ഇതിലും മികച്ചൊരു തുടക്കം എനിക്ക് ലഭിക്കില്ല. വ്യത്യസ്തമായ രീതിയിലാണ് മധുമിത ചിത്രം അവതരിപ്പിച്ചിരിക്കുന്നതെന്നും താരം പറഞ്ഞു. ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ്. റിലീസ് തിയതി ഉടൻ പ്രഖ്യാപിക്കും.