ഉദ്ധവ് താക്കറെയുടെ രാജി ആഘോഷമാക്കി മഹാരാഷ്ട്ര ബിജെപി

single-img
30 June 2022

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ രാജി ബിജെപി ആഘോഷമാക്കി. മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫട്നാവിസ്, മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ എന്നിവരാണ് മുംബൈയിലെ ഹോട്ടലിൽ മധുരപലഹാരങ്ങൾ നൽകി സന്തോഷം പങ്കിട്ടത്. ഫട്നാവിസിന് അനുകൂലമായി മുദ്രാവാക്യം മുഴക്കിയാണ് പാർട്ടി പ്രവർത്തകർ താക്കറെയുടെ രാജി ആഘോഷിച്ചത്.

വിശ്വാസവോട്ടെടുപ്പ് വ്യാഴാഴ്ച നടത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടതിനു പിന്നാലെയാണ് ഉദ്ധവ് താക്കറെ ഫെയ്സ്ബുക്കിലൂടെ രാജി പ്രഖ്യാപിച്ചത്. മഹാരാഷ്ട്ര ലജിസ്‍ലേറ്റീവ് കൗൺസിൽ അംഗത്വവും ഉദ്ധവ് താക്കറെ രാജിവച്ചു.

ദേവേന്ദ്ര ഫട്‌നാവിസ് ഉടന്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിച്ചേക്കാം. വെള്ളിയാഴ്ചയോടെ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച അന്തിമചിത്രം പുറത്തുവരും.

അതേസമയം, ഗോവയിലെ ദബോലിം വിമാനത്താവളത്തിലെത്തിയ വിമത എംഎൽഎമാർ ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ഹോട്ടലിലേക്ക് പോയി. വിമത എം.എൽ.എമാർ ബുധനാഴ്ച രാത്രി ഹോട്ടലിൽ തങ്ങും. പനാജിയിലെ ഹോട്ടലിന്റെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.