‘ഉദയ്പൂരിൽ നടന്നത് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ക്രൂരകൃത്യം: പിണറായി വിജയൻ

single-img
29 June 2022

ഉദയ്പൂരിൽ നടന്നത് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ക്രൂരകൃത്യമാണെന്ന് മുഖ്യമന്ത്രി. വർഗീയത മനുഷ്യരിൽ നിന്ന് നൻമയുടെ അവസാന കണികയും തുടച്ചുനീക്കുമെന്ന് ഈ സംഭവം ഓർമിപ്പിക്കുന്നുവെന്നും വർഗീയ തീവ്രവാദത്തിന്റെ വളർച്ചയാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും പിണറായി വിജയൻ മുന്നറിയിപ്പ് നൽകി.

ഇസ്ലാമിക തീവ്രവാദം ഹിന്ദുത്വ തീവ്രവാദത്തിനും തിരിച്ചും എങ്ങനെ ഉത്തേജകമാണ് എന്ന യാഥാർത്ഥ്യത്തിലേക്കും ഈ സംഭവം വിരൽ ചൂണ്ടുന്നു. ഏതു മതത്തിന്റെ പേരിലായാലും വർഗീയത വച്ചുപൊറുപ്പിക്കില്ലെന്ന് ദൃഢമായി തീരുമാനിക്കേണ്ട സമയമാണിത്. ഒരു വർഗീയവാദത്തിനുള്ള ഉത്തരം മറ്റൊരു വർഗീയവാദമല്ല, മറിച്ച് മതനിരപേക്ഷതയാണെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് എല്ലാ മതസ്ഥരും ഒന്നിക്കണം.

മതനിരപേക്ഷതയിൽ വിശ്വസിക്കുന്ന മത സാമുദായിക സംഘടനകൾ ഈ സംഭവത്തെ അപലപിക്കുകയും വർഗീയതയെ വെല്ലുവിളിക്കുകയും ചെയ്തുകൊണ്ട് ശബ്ദമുയർത്തണം. രാജ്യത്തെ വർഗീയ ശക്തികൾക്ക് വിട്ടുകൊടുക്കില്ലെന്നും സമാധാനവും സൗഹാർദവും നിലനിർത്താൻ ഒറ്റക്കെട്ടായി നിൽക്കുമെന്നും നമുക്ക് പ്രതിജ്ഞയെടുക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.