ശ്രീലങ്കയില്‍ പ്രതിസന്ധി രൂക്ഷം; സ്വകാര്യ വാഹനങ്ങള്‍ക്ക് പെട്രോളും ഡീസലും വിതരണം ചെയ്യുന്നത് നിര്‍ത്തി

single-img
29 June 2022

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ധനക്ഷാമം രൂക്ഷമായ ശ്രീലങ്കയില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് പെട്രോളും ഡീസലും വിതരണം ചെയ്യുന്നത് സർക്കാർ നിര്‍ത്തിവെച്ചു. രണ്ടാഴ്ചയ്ത്തേക്കാണ് വിലക്ക് എങ്കിലും നീളാനാണ് സാധ്യത.

ശ്രീലങ്കയില്‍ ആകെ ശേഷിക്കുന്നത് 9,000 ടണ്‍ ഡീസലും 6,000 ടണ്‍ പെട്രോളുമാണ്. ഇന്ധനക്ഷാമം പരിഹരിക്കാന്‍ റഷ്യയുമായും ഖത്തറുമായും ശ്രീലങ്കന്‍ ഭരണകൂടം ചര്‍ച്ച തുടങ്ങിയെങ്കിലും ഇറക്കുമതി ചെയ്യാന്‍ പണവുമില്ല എന്നാണു പുറത്തു വരുന്ന വാർത്ത. ഈ സാഹചര്യത്തിലാണ് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

നിലവിൽ അവശ്യ സര്‍വീസുകള്‍ നടത്തുന്ന വാഹനങ്ങള്‍ക്കുമാത്രമെ ഇന്ധനം വിതരണംചെയ്യൂ. ബസ്, ട്രെയിന്‍, ആംബുലന്‍സ്, മരുന്നും ഭക്ഷ്യ വസ്തുക്കളും കൊണ്ടുപോകുന്ന വാഹനങ്ങള്‍ എന്നിവയ്ക്കുമാത്രമെ പെട്രോള്‍ പമ്പുകളില്‍ ഇന്ധനം വിതരണം ചെയ്യു. രാജ്യത്തെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ ജീവനക്കാരോടും വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലേക്ക് മാറാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു.

സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായതിനെ തുടര്‍ന്ന് മാസങ്ങളായി ശ്രീലങ്കയില്‍ കടുത്ത ഇന്ധനക്ഷാമം അനുഭവപ്പെട്ടിരുന്നു. പെട്രോള്‍ പമ്പുകള്‍ക്കുമുന്നില്‍ മണിക്കൂറുകളോളം ജനങ്ങള്‍ ക്യൂ നില്‍ക്കുന്നതും പതിവ് കാഴ്ചയാണ്. വരിനിന്നവര്‍ക്കെല്ലാം ടോക്കണ്‍ നല്‍കി മടക്കി അയയ്ക്കുകയാണ് ഇപ്പോള്‍.