മുഖ്യമന്ത്രിയുടെ മകൾക്കെതിരായ തെളിവുകൾ ഇന്ന് പുറത്ത് വിടുമെന്ന് മാത്യൂ കുഴൽനാടൻ എംഎൽഎ

single-img
29 June 2022

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെ ഇന്നലെ നിയമസഭയിൽ ഉന്നയിച്ച ആരോപണങ്ങൾക്കുള്ള തെളിവുകൾ ഇന്ന് പുറത്തു വിടുമെന്ന് മാത്യൂ കുഴൽനാടൻ എംഎൽഎ. ഇതിനായി ഇന്ന് പതിനൊന്നു മണിക്ക് കെപിസിസി ആസ്ഥാനത്തു വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ഇന്നലെ നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ചയ്ക്കിടെയാണ് വീണ വിജയന്റെ കമ്പനിക്ക് പ്രൈസ് വാട്ടേഴ്സ് ഹൗസ് കൂപ്പറുമായി ബന്ധം ഉണ്ടെന്ന് മാത്യു കുഴൽനാടൻ ആരോപിച്ചത്.

പിഡബ്ല്യുസി ഡയറക്ടര്‍ ജേക്ക് ബാലകുമാർ വീണ വിജയന്റെ എക്സാ ലോജിക് എന്ന കമ്പനിയിൽ പ്രവർത്തിച്ചിരുന്നുവെന്നും ഇദ്ദേഹം തന്റെ മെന്റർ ആണെന്ന് വീണ വിജയൻ വെബ്സൈറ്റിൽ രേഖപ്പെടുത്തിയിരുന്നുവെന്നുമാണ് മാത്യു കുഴൽനാടൻ നിയമസഭയിൽ പറഞ്ഞത്. എന്നാൽ പിന്നീട് വിവാദങ്ങളെ തുടർന്ന് വെബ്സൈറ്റിലെ പരാമർശം ഒഴിവാക്കിയെന്നും എംഎൽഎ ആരോപിച്ചിരുന്നു. ആരോപണം പച്ചക്കള്ളമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മറുപടിക്കിടെ മുഖ്യമന്ത്രി ക്ഷോഭിക്കുകയും ചെയ്തു.