അമേരിക്കൻ സുപ്രീം കോടതിക്ക് മറുപടി; രാജ്യത്തെ ഗര്‍ഭഛിദ്ര നിയന്ത്രണങ്ങള്‍ കുറയ്ക്കാനുള്ള തീരുമാനവുമായി ഇസ്രായേൽ

single-img
28 June 2022

സ്വയം തീരുമാനിക്കുന്ന ഗര്‍ഭഛിദ്രം സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശമല്ല എന്ന വിവാദമായ അമേരിക്കൻ സുപ്രീംകോടതി വിധിയില്‍ അതൃപ്തി രേഖപ്പെടുത്തി അമേരിക്കയുടെ സഖ്യരാജ്യമായ ഇസ്രായേൽ . അമേരിക്കയ്ക്കുള്ള മറുപടിയെന്നോണം രാജ്യത്തെ ഗര്‍ഭഛിദ്ര നിയന്ത്രണങ്ങള്‍ ഇസ്രായേൽ കൂടുതല്‍ മയപ്പെടുത്തുകയും ചെയ്തു.

ഇതുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങള്‍ ഇസ്രഈലി പാര്‍ലമെന്ററി കമ്മിറ്റിയും പാസാക്കിയിട്ടുണ്ട്. പുതിയ നിയമം പ്രകാരം സ്ത്രീകള്‍ക്ക് രാജ്യത്തെ യൂണിവേഴസല്‍ ഹെല്‍ത്ത് സിസ്റ്റം വഴി ഗര്‍ഭഛിദ്രത്തിന് വേണ്ട മരുന്നുകള്‍ എളുപ്പത്തില്‍ ലഭ്യമാകും.ഇതോടുകൂടി രാജ്യത്തെ പ്രാദേശിക ഹെല്‍ത്ത് ക്ലിനിക്കുകള്‍ വഴി സ്ത്രീകള്‍ക്ക് എളുപ്പത്തില്‍ അബോര്‍ഷന്‍ ഗുളികകള്‍ ലഭ്യമാകും.

ഇതിനെല്ലാം പുറമെ അബോര്‍ഷന്‍ നടത്തുന്നതിന് മുമ്പ് ആ സ്ത്രീ നേരിട്ട് ആരോഗ്യ മന്ത്രാലയത്തിന്റെ അബോര്‍ഷന്‍ അപ്പ്രൂവല്‍ കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകണം എന്ന നേരത്തെയുണ്ടായിരുന്ന നിബന്ധനയും എടുത്തുമാറ്റിയിട്ടുണ്ട്. ഇതിന് പകരമായി നടപടിക്രമങ്ങള്‍ ഡിജിറ്റലാക്കി മാറ്റും. മൂന്ന് മാസത്തിനകം ഇത് നിലവില്‍ വരും.

ഇസ്രായേൽ ഇപ്പോൾ സ്ത്രീകൾക്ക് അബോര്‍ഷന് നടത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ കൂടുതല്‍ മയപ്പെടുത്തിരിക്കുകയാണെന്നും ഇത് റോയ് v/s വേഡ് കേസിലെ വിധിയെ അട്ടിമറിച്ച് കൊണ്ടുള്ള ‘ദുഖകരമായ’ യു.എസ് സുപ്രീംകോടതി വിധിക്കുള്ള മറുപടിയാണെന്നും ഇസ്രായേൽ ആരോഗ്യമന്ത്രിയും പ്രതികരിച്ചു.