സ്വർണ്ണ കടത്തിലെ ഗൂഢാലോചന; പിന്നിൽ അന്താരാഷ്ട്ര ശാഖകളുള്ള തിമിംഗലങ്ങൾ: സരിത എസ് നായർ

single-img
23 June 2022

സംസ്ഥാനത്തെ രാഷ്ട്രീയ വിവാദമായി മാറിയ സ്വർണക്കടത്ത് വിവാദങ്ങൾക്ക് പിന്നിലെ ഗൂഢാലോചന നടത്തിയത് അന്താരാഷ്ട്ര ശാഖകളുള്ള തിമിംഗലങ്ങളാണെന്ന് സോളാർ കേസ് പ്രതി സരിത എസ് നായർ. തന്നെയും ഇതിലേക്ക് കൊണ്ടുവന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടോയെന്നാണ് അറിയണമെന്നും അവർ പറഞ്ഞു. കേസിന് പിന്നിൽ രാഷ്ട്രീയക്കാരല്ലെന്നും സരിത പറയുന്നു.

അതേസമയം, ഗൂഢാലോചനയിൽ പിസി ജോർജ്, സ്വപ്ന സരിത്, ക്രൈം നന്ദകുമാർ, ചില രാഷ്ട്രീയക്കാരുമുണ്ട്. ഇത്തരത്തിലുള്ള രാഷ്ട്രീയക്കാരുടെ വിവരം വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. തന്റെ മകളെയടക്കം സോഷ്യൽ മീഡിയയിൽ വലിച്ചിഴച്ച് അവഹേളിച്ചു. അങ്ങിനെയായപ്പോൾ വെറുതെയിരുന്നാൽ ശരിയാവില്ലെന്ന് കരുതി.

എന്നാൽ പിസി ജോർജിനെ ആരെങ്കിലും യൂസ് ചെയ്തതാണോയെന്ന് അന്വേഷിച്ചാലേ മനസിലാകൂ. താൻ അന്വേഷിച്ച് കണ്ടെത്തിയ കാര്യങ്ങൾക്ക് തന്റെ പക്കൽ തെളിവുകളുണ്ട്. വിവാദങ്ങളിൽ ഏറെ മാനസിക ബുദ്ധിമുട്ടുണ്ടായെന്നും സരിത പറഞ്ഞു.ഗൂഢാലോചനയ്ക്ക് പിന്നിലെ സൂത്രധാരൻ പിസി ജോർജ്ജ് അല്ല. അദ്ദേഹത്തിന് പിന്നിൽ നമ്മൾ കാണാത്ത വലിയ തിമിംഗലങ്ങളുണ്ട്. തന്നെ സമീപിച്ചത് പിസി ജോർജ്ജാണ്. വരും ദിവസങ്ങളിൽ സത്യാവസ്ഥ മനസിലാകും.

2015 തൊട്ട് തുടങ്ങിയ സംഭവമാണ്. ചെറിയ സാമ്പത്തിക തിരിമറിയാണ് ഇതിനെല്ലാം പുറകിൽ. പണം കൊടുത്ത് വാങ്ങിയ സാധനം കിട്ടാതിരുന്നാൽ ആളുകൾ ചോദിക്കില്ലേ, അതാണിതും. അന്താരാഷ്ട്ര ശാഖകൾ വരെയുള്ള സംഘമാണ് ഇതിനെല്ലാം പിന്നിൽ. ഇത് രാജ്യദ്രോഹമാണെങ്കിലും സപ്പോർട്ട് ചെയ്യാൻ ആളുണ്ടെന്നും സരിത പറഞ്ഞു.

ചിലരെ രക്ഷപ്പെടുത്താൻ മറ്റ് ചിലരെ ഉപയോഗിക്കുകയാണ് സ്വപ്നയെന്ന് അവർ കുറ്റപ്പെടുത്തി. ഇത് രാഷ്ട്രീയപ്രേരിതം മാത്രമല്ല, സ്വപ്ന നിലനിൽപ്പിനായാണ് ശ്രമിക്കുന്നത്. സാധാരണ നിലയ്ക്ക് ഒരു സ്ത്രീയെ കൊണ്ട് സാധിക്കുന്ന കാര്യമല്ല അവർക്ക് മുന്നിലുള്ളത്. അതിനാൽ കൂടുതൽ സുരക്ഷിതമെന്ന് തോന്നിയ വഴി അവർ തെരഞ്ഞെടുത്തിരിക്കാം. അവർക്ക് മുന്നിലുള്ള രണ്ട് ഉപായങ്ങളിലൊന്ന് അവർ തെരഞ്ഞെടുക്കുകയായിരുന്നുവെന്നും സരിത എസ് നായർ പറഞ്ഞു.