ജീവിക്കാന്‍ അനുവദിക്കണം; മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ അജണ്ടയില്ല: സ്വപ്ന സുരേഷ്

single-img
8 June 2022

സ്വർണ്ണ കടത്തുകേസുമായി ബന്ധപ്പെട്ട് താൻ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായി നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ അജണ്ടയില്ലെന്ന് സ്വപ്‌ന സുരേഷ് . തന്നെ ജീവിക്കാന്‍ അനുവദിക്കണമെന്ന് പറഞ്ഞ സ്വപ്ന, എം ശിവശങ്കര്‍ പറഞ്ഞ ആളിന് കറന്‍സി അടങ്ങിയ ബാഗ് കൈമാറി. അതുള്‍പ്പെടെ എല്ലാം രഹസ്യമൊഴിയില്‍ പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞു.

കേസില്‍ മുന്നോട്ടുള്ള യാത്രയിൽ ശരിയായ രീതിയില്‍ അന്വേഷണം നടക്കമെന്നാണ് ആവശ്യമെന്നും സ്വപ്ന പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. ഇതോടൊപ്പം തന്നെ പിസി ജോര്‍ജും സരിതയും അടക്കം ആരും തന്റെ വെളിപ്പെടുത്തലുകള്‍ അവസരമായി കണ്ട് മുതലെടുക്കരുതെന്ന് സ്വപ്‌ന പറഞ്ഞു. തനിക്ക് സോളാര്‍ കേസിലെ പ്രതി സരിതയെ അറിയില്ല.

ഒരേ ജയിലില്‍ കുറച്ചുകാലം ഉണ്ടായെന്നല്ലാതെ തനിക്ക് അവരെ അറിയില്ല. ഒരിക്കല്‍ പോലും സംസാരിച്ചിട്ടില്ല. പക്ഷേ സഹായം വാഗ്ദാനം ചെയ്ത് പലപ്പോഴും തന്റെ അമ്മയെ വിളിച്ചെന്നും സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഭാര്യ കമലയും മകള്‍ വീണയുമൊന്നും ഒരു പ്രയാസവും അനുഭവിക്കുന്നില്ല. താന്‍ മാത്രമാണ് എല്ലാ പ്രയാസങ്ങളും അനുഭവിക്കുന്നത്. തന്റെ ജീവന് ഭീഷണിയുണ്ട്. ജയിലില്‍ വെച്ച് കടുത്ത മാനസിക പീഢനത്തിനിരയായി.

ഇതിനിടെ ജയില്‍ ഡിഐജി അജയകുമാര്‍ ജയിലില്‍ വെച്ച് ഭീഷണിപ്പെടുത്തി. ഹൃദയാഘാതം ഉണ്ടായപ്പോള്‍ അഭിനയമാണെന്ന് പറഞ്ഞു. പുറംലോകവുമായി ബന്ധപ്പെടാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ടതായും സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞു.