മഞ്ചേശ്വരം കോഴക്കേസില്‍ കെ സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

single-img
7 June 2022

നിയമസഭാ തെരഞ്ഞെടുപ്പിലെ മഞ്ചേശ്വരം കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. സംസ്ഥാന ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലാണ് പുതിയ വകുപ്പുകള്‍ ചേര്‍ത്തത്. പട്ടികജാതി/പട്ടികവര്‍ഗ അതിക്രമം തടയല്‍ വകുപ്പാണ് പുതുതായി ചുമത്തിയിരിക്കുന്നത്.

ആദ്യം ബദിയടുക്ക പോലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇപ്പോള്‍ ഇടക്കാല കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

കേസില്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറ് പേരാണ് പ്രതികള്‍. യുവ മോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്, ബിജെപി മുന്‍ ജില്ലാ പ്രസിഡണ്ട് കെ ബാലകൃഷ്ണ ഷെട്ടി, നേതാക്കളായ സുരേഷ് നായിക്, കെ മണ്കണ്ഠ റൈ, ലോകേഷ് ലോണ്ട എന്നിവരാണ് പ്രതികള്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന സുന്ദരയ്യയോട് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട്‌ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ അഞ്ചിനാണ് കെ സുന്ദര നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള കാരണം മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയത്. സുരേന്ദ്രന്‍ മത്സരിച്ച മണ്ഡലത്തില്‍ ആ പേരിനോട് സാമ്യമുള്ള താന്‍ മത്സരിച്ചാല്‍ വോട്ട് കുറയുമെന്ന് ബി ജെ പി ഭയപ്പെട്ടിരുന്നു. തുടര്‍ന്ന് ആദ്യം തന്നെ ഭീഷണിപ്പെടുത്തുകയും പിന്നീട് രണ്ട ലക്ഷം രൂപയും മൊബൈല്‍ ഫോണും നല്‍കിയതായും സുന്ദര പറഞ്ഞിരുന്നു. സുന്ദരയ്യ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടയാളായതിനാല്‍ എസ്‌സി എസ്ടി വകുപ്പുകള്‍ കൂടി ചുമത്തണമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ അന്വേഷണ സംഘത്തോട് നിര്‍ദേശിച്ചിരുന്നുവെന്നാണ് സൂചന.