ടാഗോറിന്റേയും കലാമിന്റെയും ചിത്രം ചേർക്കാൻ നീക്കമില്ല; കറൻസി നോട്ടുകളിൽ നിന്ന് മഹാത്മാ ഗാന്ധിയെ മാറ്റില്ലെന്ന് റിസർവ്വ് ബാങ്ക്

single-img
6 June 2022

ഇന്ത്യയുടെ കറൻസി നോട്ടുകളിൽ നിന്ന് മഹാത്മാ ഗാന്ധിയെ മാറ്റില്ലെന്ന് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ. ഇപ്പോഴുള്ള നോട്ടുകളിൽ ഒരു മാറ്റവും കൊണ്ടുവരാൻ ഉദ്ദേശിക്കുന്നില്ലെന്നും അത്തരത്തിലുള്ള ഒരു നിർദേശവും മുന്നിൽ ഇല്ലെന്നും ആർബിഐ പ്രസ്താവനയിൽ വ്യക്തമാക്കി.

അതേസമയം കറൻസി നോട്ടുകളിൽ രവീന്ദ്ര നാഥ ടാഗോറിൻറേയും എപിജെ അബ്ജുൾ കലാമിൻറേയും ചിത്രങ്ങൾ ഉൾപ്പെടുത്താൻ റിസർവ് ബാങ്ക് നീക്കമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കേന്ദ്ര ധനമന്ത്രാലയത്തിൻറെ നിർദ്ദേശപ്രകാരം വാട്ടർമാർക്ക് ചെയ്ത പുതിയ നോട്ടുകളുടെ രൂപരേഖ തയ്യാറായിക്കഴിഞ്ഞു. എന്നാൽ ഈ ചിത്രങ്ങളടങ്ങിയ നോട്ടുകളുടെ അച്ചടിക്കുള്ള അനുമതി കേന്ദ്ര സർക്കാർ നൽകിയിട്ടില്ല എന്നും വിവരം പുറത്തുവന്നിരുന്നു.

മഹാത്മാഗാന്ധിയുടെ ചിത്രം ഒഴിവാക്കുമോ എന്ന തരത്തിൽ ചർച്ചകൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ആർബിഐ വിശദീകരണം. കറൻസി നോട്ടുകളിൽ മഹാത്മ ഗാന്ധി മാത്രം വേണ്ടെന്ന റിസർവ് ബാങ്കിൻറെ നിർദ്ദേശവുമായി മുന്നോട്ട് പോകാനാണ് കേന്ദ്ര ധനമന്ത്രാലയത്തിൻറെ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നത്.

കള്ളനോട്ടുകൾ തടയാൻ കൂടുതൽ സുരക്ഷ മാനദണ്ഡങ്ങൾ ഏർപ്പെടുത്തുന്നതിൻറെ ഭാഗമായി മഹാത്മ ഗാന്ധിയെ കൂടാതെ കൂടുതൽ ദേശീയ നേതാക്കളുടെ വാട്ടർമാർക്ക് ചിത്രങ്ങൾ കറൻസിയിൽ വേണമെന്നായിരുന്നു റിസർവ് ബാങ്കിൻറെ ആഭ്യന്തര സമിതിയുടെ 2017 ലെ ശുപാർശ. ഇതിൻറെ അടിസ്ഥാനത്തിലാണ് ടാഗോറിൻറേയും എപിജെ അബ്ദുൾ കാലാമിൻറേയും ചിത്രങ്ങൾ കൂടി ആലേഖനം ചെയ്ത നോട്ടുകൾ പുറത്തിറക്കാൻ ആലോചിക്കുന്നത്.

ഇവരുടെ അതി സുരക്ഷ വാട്ടർമാർക്കുള്ള ചിത്രങ്ങളടങ്ങിയ കറൻസി ഡിസൈൻ തയ്യാറായിട്ടുണ്ട്.സെക്യുരിറ്റി പ്രിൻറിംഗ് ആൻറ് മിൻറിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഈ കറൻസി ഡിസൈനുകൾ സുരക്ഷാ പരിശോധക്കായി നൽകിയിരിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഡോളറിൽ വിവിധ അമേരിക്കൻ പ്രസിഡൻറുമാരുടെ ചിത്രമുള്ള മാതൃകയിൽ കൂടുതൽ നേതാക്കളുടെ ചിത്രങ്ങൾ രൂപയിലും വേണമെന്നായിരുന്നു റിസർവ് ബാങ്കിൻറെ ശുപാർശ.