ഇന്ത്യ ദ്രാവിഡരുടേയും ആദിവാസികളുടേയും; മോദിയുടേയോ താക്കറേയുടേയോ സ്വന്തമല്ല: അസദുദ്ദീന്‍ ഒവൈസി

single-img
29 May 2022

ഇന്ത്യ ആരുടെയെങ്കിലും സ്വന്തമാണെങ്കില്‍ അത് ദ്രാവിഡരുടേയും ആദിവാസികളുടേയുമാണ്, അല്ലാതെ മോദിയുടേയോ താക്കറേയുടേയോ തന്റെയോ സ്വന്തമല്ലെന്ന് ആള്‍ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തിഹാദല്‍ മുസ്‌ലിമീന്‍ അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി.

ഇന്ന് മഹാരാഷ്ട്രയിലെ ദിവണ്ടിയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമര്‍ശം. മഹാരാഷ്ട്രയിലെ ശിവസേനയുടെ എം.പി സഞ്ജയ് റാവത്തിന് വേണ്ടി മോദിയോട് അപേക്ഷിച്ചത് പോലെ എന്തുകൊണ്ട് ശരത് പവാര്‍ കള്ളപ്പണക്കേസില്‍ പിടിയിലായ എന്‍സിപി നേതാവ് നവാബ് മാലിക്കിന് വേണ്ടി മോദിയോട് സംസാരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതോടൊപ്പം തന്നെ രൂക്ഷമായിത്തന്നെ ബിജെപി, ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് എന്നിവയുള്‍പ്പെടെയുള്ള പാര്‍ട്ടികളേയും ഒവൈസി വിമര്‍ശിച്ചു. ഇതുപോലെയുള്ള പാര്‍ട്ടികള്‍ക്ക് അവരുടെ വോട്ട് നഷ്ടപ്പെടാതിരിക്കുക എന്നത് മാത്രമാണ് മുഖ്യ ലക്ഷ്യമെന്നും, അതുകൊണ്ടു തന്നെ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ ഇവരെ ബാധിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

നമ്മുടെ ഇപ്പോൾ രാജ്യം ഏത് ദുരിതത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് മനസ്സിലാക്കാതെയാണ് ബിജെപിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും തങ്ങളുടെ കഴിഞ്ഞ എട്ട് വര്‍ഷം നീണ്ട ഭരണത്തെ വിജയകരമെന്ന് വിശേഷിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.