ഹര്‍ജിക്ക് പിന്നില്‍ ബാഹ്യതാല്‍പര്യമില്ലെന്ന് അതിജീവിത; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

single-img
26 May 2022

നടിയെ ആക്രമിച്ച കേസിൽ തുടർ അന്വേഷണത്തെക്കുറിച്ച് കോടതിയിൽ പരാതി ഉന്നയിച്ച പശ്ചാത്തലത്തില്‍ അതിജീവിത ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. രാവിലെ പത്തുമണിയോടെ സെക്രട്ടറിയേറ്റിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. താൻ നൽകിയ ഹര്‍ജിക്ക് പിന്നില്‍ ബാഹ്യതാല്‍പര്യ മില്ലെന്ന് അതിജീവിത മുഖ്യമന്ത്രിയോട് വ്യക്തമാക്കി.

കൂടിക്കാഴ്ചയിൽ കേസന്വേഷണത്തിന് തനിക്കുള്ള ആശങ്കകളാണ് ആക്രമിക്കപ്പെട്ട നടി പ്രധാനമായും പറഞ്ഞത്. ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ കേസന്വേഷണത്തില്‍ രാഷ്ട്രീയ ഇടപെടല്‍ നടക്കുന്നുണ്ടെന്ന് ഉള്‍പ്പെടെയായിരുന്നു അതിജീവിത ചൂണ്ടിക്കാട്ടിയിരുന്നത്.

സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കിയെന്ന് അതിജീവിത പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും സംതൃപ്തയാണെന്നും അവർ കൂട്ടിച്ചേർത്തു. ഏകദേശം 15 മിനിറ്റ് സമയം ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിയോടൊപ്പം എത്തിയ അതിജീവിത മുഖ്യമന്ത്രിയോട് സംസാരിച്ചു.