20 വർഷത്തിനുള്ളിൽ ലോകത്ത് മറ്റൊരു മഹാമാരി കൂടി ഉണ്ടാകും; ചെറുക്കാൻ ആ​ഗോള തലത്തിൽ ശ്രമങ്ങൾ ഉണ്ടാകണം: ബിൽ ​ഗേറ്റ്സ്

single-img
6 May 2022

ഇനിവരുന്ന 20 വർഷത്തിനുള്ളിൽ ലോകത്ത് മറ്റൊരു മഹാമാരി കൂടി ഉണ്ടാവുമെന്ന് മൈക്രോ സോഫ്റ്റ് സഹ സ്ഥാപകൻ ബിൽ ​ഗേറ്റ്സ് മുന്നറിയിപ്പ് നൽകുന്നു. ഇതിനെതിരായി ലോകം ഇപ്പോൾ തന്നെ തയ്യാറായിരിക്കേണ്ടതുണ്ടെന്നും ബിൽ ​ഗേറ്റ്സ് പറഞ്ഞു.

വീണ്ടുമൊരു മഹാമാരി വരാനുള്ള കാരണങ്ങളും ഇദ്ദേഹം പറയുന്നുണ്ട്. ജനങ്ങൾ കൂടുതലായി യാത്ര ചെയ്യുന്നുണ്ട്. സ്വാഭാവിക ആവാസ വ്യവസ്ഥ ആക്രമിക്കപ്പെടുന്നു. ഇവ അടുത്ത 20 വർഷത്തിനുള്ളിൽ മറ്റൊരു മഹാമാരി കടന്നു വരാനുള്ള സാധ്യതയുണ്ടാക്കുമെന്നാണ് ബിൽ ​ഗേറ്റ്സ് പറയുന്നത്.

അതേസമയം തന്നെ വകഭേദങ്ങൾ വരുന്നതിൽ ചില ആശങ്കകളുണ്ടെങ്കിലും ജനങ്ങൾ കൊവിഡ് മഹാമാരിയെ മറക്കാനാണ് ഇപ്പോൾ താൽപര്യപ്പെടുന്നതെന്നും ബിൽ ​ഗേറ്റ്സ് പറയുന്നു . റഷ്യ നടത്തുന്ന ഉക്രൈൻ യുദ്ധമുൾപ്പെടെ ലോകത്ത് മറ്റ് പ്രശ്നങ്ങളും നടന്നു കൊണ്ടിരിക്കുകയാണ്. എന്നാൽ മഹാമാരികളെ ചെറുക്കാൻ വേണ്ടി ആ​ഗോള തലത്തിൽ ശ്രമങ്ങൾ ഉണ്ടാവേണ്ടതുണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഇതിന്റെ മുന്നോടിയായി ലോകാരോ​ഗ്യ സംഘടനയുടെ കീഴിൽ ​ഗ്ലോബൽ എപ്പിഡെമിക് റെസ്പോൺസ് മൊബിലൈസേഷൻ എന്ന ടീം രൂപീകരിക്കണെന്നും ബിൽ ​ഗേറ്റ്സ് നിർദ്ദേശിച്ചു. ഏകദേശം 3000 പേരെ ഇതിൽ അണിനിരത്തണം. മൊത്തം നൂറു കോടിയുടെ നിക്ഷേപം രാജ്യങ്ങൾ സംഘടനയിലേക്ക് നടത്തേണ്ടി വരുമെന്നും ​ഗേറ്റ്സ് പറഞ്ഞു. നേരത്തെ കൊവിഡ് വ്യാപിക്കുന്നതിന് മുമ്പ് ഇത്തരമൊരു മഹാമാരി ലോകത്തുണ്ടാവുമെന്ന് 2015 ൽ ബിൽ ​ഗേറ്റ്സ് മുന്നറിയിപ്പ് നൽകിയിരുന്നു.