പൊട്ടാത്ത ബോംബുമായി വിമാനത്താവളത്തിൽ വിനോദ സഞ്ചാരികള്‍; ഇസ്രായേല്‍ സന്ദര്‍ശനത്തിന്റെ ഓര്‍മ്മയ്ക്കായി കൊണ്ടു വന്നതെന്ന് വിശദീകരണം

single-img
4 May 2022

പൊട്ടാത്ത ബോംബുമായി ഇസ്രായേലിലെ ഏറ്റവും വലിയ വിമാനത്താവളമായ ടെല്‍ അവീവിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിലെത്തിയ വിനോദ സഞ്ചാരികള്‍ പരിഭ്രാന്തി പരത്തി. യുഎസിൽ നിന്നും ഇസ്രായേല്‍ സന്ദര്‍ശിക്കാന്‍ വന്ന് മടങ്ങുകയായിരുന്ന വിനോദ സഞ്ചാരികളുടെ കൈയില്‍നിന്നാണ് പൊട്ടാത്ത ഷെല്‍ കണ്ടെടുത്തത്.

തങ്ങളുടെ ഇസ്രായേല്‍ സന്ദര്‍ശനത്തിന്റെ ഓര്‍മ്മയ്ക്കായി കൊണ്ടു വന്നതാണ് ഇതെന്നാണ് വിനോദ സഞ്ചാരികള്‍ അധികൃതരോട് പറഞ്ഞത്. ഇവർ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ബാക്ക്പാക്കിലുള്ള ബോംബ് ബാഗേജില്‍ സൂക്ഷിക്കാനാവുമോ എന്നറിയാന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ സമീപിക്കുകയായിരുന്നു. അവരുടെ കൈയിലുണ്ടായിരുന്നത് ബോംബാണെന്ന് മനസ്സിലാക്കിയ ഉടന്‍ തന്നെ ഉദ്യോഗസ്ഥര്‍ അപകട സൈറണ്‍ മുഴക്കി. ബോംബ് നിര്‍വീര്യമാക്കിയ ശേഷം വിനോദ സഞ്ചാരികളെ നാട്ടിലേക്ക് പോവാന്‍ അനുവദിച്ചു.

ഇസ്രായേലിലെ ഗൊലാന്‍ കുന്നുകള്‍ സന്ദര്‍ശിക്കാന്‍ എത്തിയ ഇവര്‍ക്ക് അവിടെ വെച്ചാണ് പൊട്ടാത്ത പഴയ ഷെല്‍ കിട്ടിയതെന്ന് അവര്‍ പറഞ്ഞു. പൊട്ടാത്ത ബോംബ് കണ്ടപ്പോള്‍ ഇസ്രായേല്‍ സന്ദര്‍ശനത്തിന്റെ ഓര്‍മ്മയ്ക്കായി ബാഗില്‍ സൂക്ഷിക്കുകയായിരുന്നുവെന്നും ഇവര്‍ വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ചു. ഇസ്രായേലും സിറിയയും തമ്മില്‍ 1967-ലും 1973-ലും നടന്ന യുദ്ധത്തിന്റെ അവശിഷ്ടമാണ് ഇതെന്നാണ് കരുതുന്നത്.

കാര്യം എന്തായാലും അപകട സൈറണ്‍ മുഴങ്ങിയതോടെ വിമാനത്താവളത്തില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ വിമാനത്താവളത്തിലുള്ള സുരക്ഷാ ബങ്കറുകളിലേക്ക് ചിതറിയോടി. ഇതിനിടയിൽ ഒരു ബാഗേജിനു മുകളിലേക്ക് മറിഞ്ഞുവീണ് മുപ്പതുവയസ്സുള്ള ഒരാള്‍ക്ക് ചെറിയ പരിക്കേറ്റതായി പൊലീസ് അറിയിച്ചു.