ഇന്ത്യയിൽ മുസ്ലിങ്ങൾക്കെതിരായ ആക്രമണങ്ങൾ ആഘോഷിക്കുന്നത് കാണുമ്പോൾ വേദന തോന്നുന്നു: പത്മലക്ഷ്മി

single-img
29 April 2022

രാജ്യ തലസ്ഥാനത്തെ ജഹാംഗീർപുരിയിലും മധ്യപ്രദേശിലെ ഖാർഗോണിലുമടക്കം മുസ്ലിങ്ങളുടെ വീടുകൾക്കും കെട്ടിടങ്ങൾക്കുമെതിരേ നടന്ന അതിക്രമങ്ങളിൽ പ്രതികരണവുമായി ഇന്ത്യൻ -അമേരിക്കൻ മോഡലും എഴുത്തുകാരിയുമായ പത്മലക്ഷ്മി രംഗത്തെത്തി. ഇന്ത്യയിൽ മുസ്ലിങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങൾ ആഘോഷിക്കുന്നത് കാണുമ്പോൾ വേദന തോന്നുന്നതായും ഇന്ത്യയിലും മറ്റെവിടെയും ഹിന്ദു മതത്തിന് ഭീഷണിയില്ലെന്നും ടെലിവിഷൻ അവതാരക കൂടിയായ പത്മലക്ഷ്മി ട്വീറ്റ് ചെയ്തു.

രാജ്യത്തെ എല്ലാ വിശ്വാസക്കാർക്കും സമാധാനത്തോടെ കഴിയാനാകണം. മുസ്‌ലിംകളിൽനിന്ന് ഹിന്ദുക്കൾ ഭീഷണി നേരിടുന്നുണ്ടെന്ന പ്രചാരണത്തിൽ അകപ്പെടരുതെന്നും അവർ ജനങ്ങളോട് ആവശ്യപ്പെട്ടു. അടുത്തിടെ രാം നവമി, ഹനുമാൻ ജയന്തി എന്നീ ആഘോഷങ്ങളുമായി ബന്ധപ്പെട്ട ആക്രമണങ്ങളും മുസ്‌ലിം സ്വത്തുവകകൾക്കെതിരായ പൊലീസ് നടപടികളുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര മാധ്യമങ്ങളിൽ വന്ന വാർത്തകൾ പങ്കുവച്ചായിരുന്നു അവരുടെ ട്വീറ്റ്.

ട്വീറ്റിൽ പറയുന്നത് ഇങ്ങിനെ: ”ഇന്ത്യയിൽ മുസ്‌ലിംകൾക്കെതിരായ അക്രമങ്ങൾ ആഘോഷിക്കുന്നത് കാണുമ്പോൾ വേദന തോന്നുന്നു. വ്യാപകമായ രീതിയിൽ മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങൾ ജനങ്ങളിൽ ഭയം സൃഷ്ടിക്കുകയും വിഷം കുത്തിവയ്ക്കുകയുമാണ്. ഈ പ്രചാരണം അപകടകരവും നിന്ദ്യവുമാണ്.”-

ഹിന്ദുക്കളേ, ഭീതി വിതച്ചുള്ള ഈ പ്രചാരണങ്ങൾക്ക് കീഴടങ്ങരുത്. ഇന്ത്യയിലും വേറെ എവിടെയും ഹിന്ദുമതത്തിന് ഒരു ഭീഷണിയുമില്ല. യഥാർത്ഥ ആത്മീയതയ്ക്കകത്ത് ഏതെങ്കിലും തരത്തിലുള്ള വിദ്വേഷം വിതയ്ക്കാനുള്ള ഇടമുണ്ടാകില്ല. പുരാതനവും വിശാലവുമായ ഈ ഭൂമിയിൽ എല്ലാ മതവിഭാഗങ്ങളിൽപ്പെട്ടവർക്കും ഒരുമിച്ച് സമാധാനത്തോടെ ജീവിക്കാൻ കഴയണം.’