ഇന്ത്യയുടെ രാഷ്ട്ര ഭാഷയാവേണ്ടത് ഹിന്ദിയല്ല, സംസ്കൃതം: കങ്കണ റണൗത്ത്

single-img
29 April 2022

രാജ്യമാകെ കേന്ദ്രസർക്കാർ ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്നുവെന്ന ആരോപണം നിലനിൽക്കെ തന്റെ നിലപാട് വ്യക്തമാക്കി ബോളിവുഡ് നടി കങ്കണ റണൗത്ത്. ഇന്ത്യയുടെ രാഷ്ട്ര ഭാഷയാവേണ്ടത് ഹിന്ദിയോ ദക്ഷിണേന്ത്യൻ ഭാഷയോ അല്ലെന്നും സംസ്കൃതമാണെന്നുമാണ് കങ്കണ പറയുന്നത്.

ഹിന്ദി, തമിഴ്, കന്നഡ ഭാഷകളേക്കാൾ ആദ്യം നിലവിലുള്ളതാണ് സംസ്കൃത ഭാഷ. അതുകൊണ്ടുതന്നെ സംസ്കൃതമാണ് ദേശീയ ഭാഷയാവേണ്ടതെന്ന് നടി അഭിപ്രായപ്പെട്ടു. ഹിന്ദി ഭാഷ നിര്ബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട് ബോളിവുഡ് നടൻ അജയ് ദേവ്​ഗണും കന്നഡ നടൻ സുദീപും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസത്തെക്കുറിച്ച് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു കങ്കണ.

കങ്കണയുടെ വാക്കുകൾ: നമ്മുടേത് ഒരുപാട് വൈവിധ്യങ്ങളും ഭാഷകളുമുള്ള രാജ്യമാണ്. രാജ്യം ഒന്നായിരിക്കാൻ വേണ്ടിയാണ് ഹിന്ദി രാഷ്ട്ര ഭാഷയാക്കിയത്. ശരിക്കും തമിഴ് ഭാഷ ഹിന്ദിയേക്കാൾ പഴമയുള്ളതാണ്. പക്ഷെ അതിനേക്കാൾ പഴമയുള്ളതാണ് സംസ്കൃതം. സംസ്കൃതം ദേശീയ ഭാഷയാവണമെന്നാണ് ഞാൻ കരുതുന്നത്.

അതിന്റെ കാരണം, കന്നഡ, തമിഴ്, ഹിന്ദു, ​ഗുജറാത്തി തുടങ്ങിയ ഭാഷകളെല്ലാം സംസ്കൃതത്തിൽ നിന്നാണ് വന്നത്. സംസ്കൃതഭാഷയെ ഒഴിവാക്കി ഹിന്ദി ദേശീയ ഭാഷയാക്കിയതെന്തിനെന്നതിന് എനിക്ക് ഉത്തരമില്ല. അത് ആ സമയത്തെടുത്ത തീരുമാനമാണ്. ഇന്ത്യയിലെ ഭാഷയെ പറ്റി പറയുമ്പോള്‍ ഇതിനെപറ്റിയെല്ലാം അറിഞ്ഞിരിക്കണം. തമിഴ് ഭാഷയ്ക്കായി നേരത്തെ ഒരു മുന്നേറ്റം നടന്നിരുന്നു. അവര്‍ക്ക് പ്രത്യേക രാജ്യം വേണമായിരുന്നു. ബംഗാളിലാവട്ടെ ഹിന്ദി ഒരു ഭാഷയായി കാണില്ലെന്ന് പറഞ്ഞു. അപ്പോള്‍ നിങ്ങള്‍ തിരസ്‌കരിക്കുന്നത് ഹിന്ദിയെ അല്ല. ഡല്‍ഹി ഭരണ കേന്ദ്രമാവുന്നതിനെയാണ്.

നിലവിൽ ഇംഗ്ലീഷ് ഭാഷയാണ് ആശയ വിനിമയം ബന്ധിപ്പിക്കുന്നതിന് രാജ്യമാകെ ഇപയോഗിക്കുന്നത് ഇംഗ്ലീഷ് ഈ രീതിയിൽ ലിങ്കായി തുടരണോ ഇല്ലെങ്കില്‍ ഹിന്ദിയോ, സംസ്‌കൃതമോ, തമിഴോ ആ ലിങ്ക് ആവണോ എന്ന ചോദ്യവാണിവിടെ ഉയരേണ്ടത്. ഇപ്പോൾ ഹിന്ദി നമ്മുടെ ദേശീയ ഭാഷയാണ്. അജയ് ദേവഗണ്‍ അത് ചൂണ്ടിക്കാണിച്ചതില്‍ തെറ്റില്ല. പക്ഷെ സുദീപ് പറഞ്ഞതിന്റെ വികാരവും ഞാന്‍ മനസ്സിലാക്കുന്നു. അദ്ദേഹം പറഞ്ഞതും തെറ്റല്ല,’